വൈഷ്ണ സുരേഷിന് മിന്നും ജയം; മുട്ടടയിൽ മുട്ടിടിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: സി.പി.എം പ്രവർത്തകന്റെ പരാതിയെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയ തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മിന്നുംജയം. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ ഇവിടെ അഡ്വ. അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ഡി.ജെ.എസിലെ എൽ വി അജിത് കുമാർ മൂന്നാംസ്ഥാനത്തെത്തി.
നിയമയുദ്ധത്തിലൂടെ വോട്ടവകാശം പുനസ്ഥാപിച്ചാണ് വൈഷ്ണ സുരേഷ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വൈഷ്ണയുടെ പേര് നീക്കിയ കോർപറേഷൻ ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസറെ സംസ്ഥാന തെരഞ്ഞടുപ്പ് കമീഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. വൈഷ്ണ ഹാജരാക്കിയ താമസം സംബന്ധിച്ച രേഖകൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ പരിഗണിച്ചില്ലെന്നും വോട്ട് നീക്കിയ നടപടിക്ക് നീതീകരണമില്ലെന്നും കമീഷൻ വ്യക്തമാക്കി.
വൈഷ്ണക്കെതിരെ സി.പി.എം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാറാണ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം വൈഷ്ണയുടെ എതിർവാദം കേൾക്കാതെ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കമീഷണർ എ. ഷാജഹാൻ ഉത്തരവിൽ പറഞ്ഞിരുന്നു. ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹരാണെന്ന് നിഷ്കർഷിച്ച് കമീഷൻ ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസർമാർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
തദ്ദേശസ്ഥാപനം നൽകുന്ന വീട്ടുനമ്പറോ ഉടമസ്ഥാവകാശമോ വാടകകരാറോ ഒന്നും ഇതിൽ ആവശ്യമായ രേഖകളല്ല. എന്നാൽ ഇതിന്‍റെ അന്തസത്ത ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഉൾക്കൊണ്ടില്ല. വൈഷ്ണ ഹാജരാക്കിയ രേഖകൾ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും അന്തിമ വോട്ടർപട്ടികയിൽനിന്ന് ഏകപക്ഷീയമായി പേര് നീക്കുകയായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു. കോർപറേഷൻ മുട്ടട വാർഡ് ഭാഗം നമ്പർ അഞ്ചിലെ വോട്ടർപട്ടികയിലാണ് വൈഷ്ണയുടെ പേര് പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

