വൈപ്പിന്‍-മുനമ്പം തീരസംരക്ഷണ വികസനത്തിന് സമഗ്ര പദ്ധതി
text_fieldsതീരസംരക്ഷണത്തിന് മദ്രാസ് ഐ.ഐ.ടി തയാറാക്കിയ പഠന റിപ്പോർട്ടിന്റെ അവതരണ ചർച്ചയിൽ മന്ത്രി പി. രാജീവ്
കൊച്ചി: വൈപ്പിന്‍-മുനമ്പം പ്രദേശത്തെ തീരസംരക്ഷണത്തിനും വികസനത്തിനുമായി ഐ.ഐ.ടി മദ്രാസ് തയാറാക്കിയ സമഗ്ര പഠനറിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. ആറ് പഞ്ചായത്തുകളിലായി മൂന്ന് മത്സ്യബന്ധന ഗ്രാമങ്ങളും 15ല്‍പരം പുലിമുട്ടുകളും സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തലുമാണ് മുഖ്യമായി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നത്.
മന്ത്രി പി.രാജീവ്, കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ, മുന്‍മന്ത്രി എസ്. ശര്‍മ, കെ.എസ്.സി.എ.ഡി.സി എം.ഡി ഷേഖ് പരീത്, ജില്ല വികസന കമീഷണര്‍ ചേതന്‍കുമാര്‍ മീണ, തീരശോഷണം നേരിടുന്ന ആറ് പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവർ റിപ്പോര്ട്ടിന്മേല് ചര്‍ച്ച നടത്തി. ഐ.ഐ.ടി മദ്രാസ് ഓഷ്യന്‍ എന്‍ജിനീയറിങ് വിഭാഗം പ്രഫ. എമാരിറ്റസ് ഡോ.വി. സുന്ദറിന്റെ നേതൃത്വത്തിലാണ് വിശദപഠന റിപ്പോര്‍ട്ട് തയാറാക്കിയത്. 250 മുതല്‍ 300 കോടിയാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ബജറ്റ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സമയോചിതമാണെന്ന് പി.രാജീവ് പറഞ്ഞു. ചെല്ലാനം മാതൃകയില്‍ സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രധാനവരുമാനമാര്‍ഗമായി ടൂറിസം മാറുന്ന സാഹചര്യത്തില്‍ തീരദേശ സംരക്ഷണം ഏറെ പ്രധാനമാണെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ ചൂണ്ടിക്കാട്ടി. കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പ്രദേശവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനും സൗകര്യം വര്‍ധിപ്പിക്കാനുമുള്ള സമഗ്ര പദ്ധതി സംസ്ഥാനത്തുതന്നെ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ബജറ്റില്‍ പദ്ധതിക്കുള്ള പ്രാഥമിക തുക വകയിരുത്തണമെന്ന് എസ്. ശര്‍മ അഭ്യർഥിച്ചു. ശിപാര്‍ശകളെക്കുറിച്ച് ഷേഖ് പരീത് വിശദീകരിക്കുകയും തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്കി. തീരശോഷണം തടയാനായി മാലിപ്പുറം, വെളിയിത്തുപറമ്പ് എന്നിവിടങ്ങളിലാണ് മത്സ്യബന്ധന ഗ്രാമങ്ങള്‍ നിര്‍മിക്കുന്നത്.
നിശ്ചിത അകലത്തില്‍ രണ്ട് പുലിമുട്ടുകള്‍ നിര്‍മിച്ച് 150 മീറ്റര്‍ മത്സ്യബന്ധന യാനങ്ങള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഗ്രാമങ്ങള്‍. ഇതുവഴി കടല്‍ത്തീരം വര്‍ഷത്തില്‍ 10മാസം വരെ ഉപയോഗിക്കാന്‍ സാധിച്ചേക്കും. പുത്തന്‍ കടപ്പുറം, സെയ്ത് മുഹമ്മദ് കടപ്പുറം എന്നിവിടങ്ങളില്‍ ആറ് പുലിമുട്ടുകള്‍ നിർമിക്കും. അണിയല് കടപ്പുറത്ത് നിലവിലെ സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തുന്നതിനൊപ്പം പുലിമുട്ട് നിര്‍മിക്കുകയും ചെയ്യും. പഴങ്ങാട്-ആറാട്ട്കടവ് എന്നിവിടങ്ങളില്‍ സംരക്ഷണഭിത്തി ശക്തിപ്പെടുത്തും.
ചെറായി, കുഴിപ്പള്ളി, സെയ്ത് മുഹമ്മദ്, വളപ്പ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സൗന്ദര്യവത്കരിക്കും. കടൽക്ഷോഭം തടയുന്നതിന് ജിയോ ട്യൂബ് ഉപയോഗിച്ച് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി വേണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ആറ് പഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കാണാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

