Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്രയത്നം കൊണ്ട്...

സ്വപ്രയത്നം കൊണ്ട് വളർന്ന നേതാവ്

text_fields
bookmark_border
vvprakash
cancel
camera_altവി.വി. പ്രകാശ്

മലപ്പുറം ജില്ലയിലെ കോൺഗ്രസ്, യു.ഡി.എഫ് രാഷ്ട്രീയത്തിലെ മർമപ്രധാനമായ സ്ഥാനത്തേക്ക് വി.വി. പ്രകാശ് വളർന്നത് ഗോഡ് ഫാദർമാരുടെ പിന്തുണയില്ലാതെ. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി തളർച്ചയില്ലാതെ കഠിനപ്രയത്നം ചെയ്തിരുന്ന പ്രകാശിന്‍റെ രാഷ്ട്രീയ വളർച്ച സ്വപ്രയത്നം കൊണ്ട് മാത്രം ആർജിച്ചെടുത്താണ്. ജില്ലയിലെ ഓരോ കവലയിലും ചുരുങ്ങിയത് 25 കോൺഗ്രസ് പ്രവർത്തകരെങ്കിലും പ്രകാശിന്‍റെ സുഹൃദ് വലയത്തിൽ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നു എന്നത് തന്നെ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രകാശിന്‍റെ പൊതുസമ്മിതി വെളിപ്പെടുത്തുന്നതാണ്.

1988ൽ കേരളത്തിൽ നടന്ന കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെട്ടതോടെയാണ് വി.വി. പ്രകാശ് ശ്രദ്ധിക്കപ്പെടുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലും പ്രസിഡന്‍റുമാരായി ഐ ഗ്രൂപ്പ് നേതാക്കൾ തെരഞ്ഞെടുക്കപ്പെട്ട 1988ലെ കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന് സംസ്ഥാനത്തുണ്ടായിരുന്ന ഏക ജില്ലാ പ്രസിഡന്‍റ് വി.വി. പ്രകാശായിരുന്നു. പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയായി.


കെ.സി. വേണുഗോപാൽ പ്രസിഡന്‍റായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പ്രകാശ് ജനറൽ സെക്രട്ടറിയായി. ഈ അവസരത്തിലാണ് ടി. സിദ്ദീഖ് അടക്കമുള്ള കെ.എസ്.യു നേതാക്കളെ പ്രകാശ് മുൻ നിരയിലേക്ക് കൊണ്ടുവരുന്നത്. 2001ൽ കെ.പി.സി.സി സെക്രട്ടറിയായി. 2011ൽ തവനൂരിൽ കെ.ടി. ജലീലിനെതിരെ കടുത്ത പോരാട്ടം കാഴ്ച വെച്ചെങ്കിലും 6800 വോട്ടിന് പരാജയപ്പെട്ടു. നീണ്ട 16 വർഷം കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിരുന്ന് 2017 ലാണ് പ്രകാശ് ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തുന്നത്.


2015ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിലെ യു.ഡി.എഫ് സംവിധാനം പാടെ തകർന്ന അവസ്ഥയിലായിരുന്നു. കുറെയധികം പഞ്ചായത്തുകൾ യു.ഡി.എഫിന് നഷ്ടമായി. 2017ൽ പ്രകാശ് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്തതിന് ശേഷം നടത്തിയ നിരന്തര ശ്രമങ്ങളാണ് സാമ്പാർ മുന്നണി എന്ന സംവിധാനത്തെ തന്നെ പൊളിച്ചത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന്‍റെ ശക്തമായ തിരിച്ചുവരവിന് കാരണമായത് മുന്നണി സംവിധാനത്തിന്‍റെ കെട്ടുറപ്പായിരുന്നു. ഇക്കാര്യത്തിൽ പ്രകാശിനോളം പങ്ക് മറ്റാർക്കുമില്ല.


കോൺഗ്രസ് ഗ്രൂപ്പ് സംവിധാനത്തിൽ എ.കെ. ആന്‍റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ പിന്നിൽ അടിയുറച്ച് നിന്നപ്പോഴും വ്യക്തിപരമായി വി.എം. സുധീരനോടും കെ.സി. വേണുഗോപാലിനോടും ആത്മബന്ധം പുലർത്തിയ വ്യക്തിത്വമാണ് പ്രകാശിന്‍റേത്. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായിരുന്ന വാസുവേട്ടന്‍റെ ശിഷ്യനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പ്രകാശ് പൊതുപ്രവർത്തന ജീവിതത്തിലുടനീളം സംശുദ്ധത പുലർത്തി എന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിച്ച കാര്യമാണ്.


പ്രകാശ് വലിയ പിന്തുണ നൽകി മുമ്പോട്ട് കൊണ്ടുവന്ന ടി. സിദ്ദീഖ്, ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവരൊക്കെ പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രകാശിന് മുമ്പിൽ നടന്നപ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ലാതെ തന്‍റെ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോയ പ്രകാശിന്‍റെ അപ്രതീക്ഷിത വിയോഗം ജില്ലയിലെ കോൺഗ്രസിനകത്ത് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VV Prakashcongressnilambur udf candidate
News Summary - VV Prakash: A leader who grew up with self-effort
Next Story