Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പൊതുചടങ്ങ് അലങ്കോലമാക്കുന്നത് അൽപബുദ്ധികളുടെ ക്രിമിനലിസം’; മഹാരാജാസ് സംഭവത്തെ വിമർശിച്ച് വിടി ബൽറാം

text_fields
bookmark_border
https://www.madhyamam.com/tags/vt-balram
cancel

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദദാനച്ചടങ്ങ് അലങ്കോലപ്പെടുത്തിയ എസ്.എഫ്.ഐ പ്രതിഷേധത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.

പൊതുചടങ്ങുകൾ ബഹളംവെച്ച് അലങ്കോലപ്പെടുത്തുന്നത് ഹീറോയിസമല്ലെന്നും അൽപബുദ്ധികളുടെ ക്രിമിനൽ പ്രവർത്തനമായാണ് സാമാന്യബോധമുള്ളവർ അതിനെ കാണുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിഷേധത്തിനിടെ പക്വതയും ജനാധിപത്യബോധവും ഉയർത്തിപ്പിടിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിനെ അഭിനന്ദിക്കുകയും ചെയ്തു.

കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ ഇടുന്നതും കോൺവൊക്കേഷൻ ചടങ്ങുകൾ അലങ്കോലപ്പെടുത്തുന്നതുമൊക്കെയാണ് ചിലരുടെ ഇപ്പോഴത്തെ ഹോബിയെന്ന് കുറിപ്പിൽ പരിഹസിക്കുന്നു.

സംഘാടകർ ജനാധിപത്യബോധമുള്ളവരാണെങ്കിൽ ചെടിച്ചട്ടിയും ഹെൽമറ്റും ഉപയോഗിച്ചുള്ള ‘രക്ഷാപ്രവർത്തനം’ ഉണ്ടാകില്ലെന്ന ധൈര്യമായിരിക്കാം ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ.

ഇത്തരം പ്രവൃത്തികളെ വലിയ രാഷ്ട്രീയ പോരാട്ടങ്ങളായി കാണേണ്ടതില്ലെന്നും വെറും ശല്യപ്പെടുത്തലുകൾക്കപ്പുറം ഗൗരവം കൽപിക്കേണ്ടതില്ലെന്നും കുറിപ്പിൽ വിമർശിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരു പൊതുചടങ്ങ് ബഹളം വച്ച് അലങ്കോലമാക്കുക എന്നത് ഇന്നത്തെക്കാലത്ത് വലിയ ഹീറോയിസമൊന്നുമല്ല. അൽപ്പബുദ്ധികളുടെ ക്രിമിനലിസമായി മാത്രമേ സാമാന്യബോധമുള്ളവർ അതിനെയൊക്കെ കാണുകയുള്ളൂ.

കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ ഇടുന്നതും കോൺവൊക്കേഷൻ സെറിമണി അലങ്കോലപ്പെടുത്തുന്നതുമൊക്കെയാണ് ഇപ്പോൾ ചിലരുടെ ഹോബി.

അപ്പുറത്ത് സംഘാടകരായിട്ടുള്ളവർ ജനാധിപത്യ ബോധമുള്ളവരാണെങ്കിൽ ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടുമുള്ള "രക്ഷാപ്രവർത്തനം" ഉണ്ടാവില്ല എന്ന ധൈര്യം ഒരുപക്ഷേ അലമ്പുണ്ടാക്കാൻ വരുന്ന കുട്ടിക്രിമിനലുകൾക്ക് ഉണ്ടാവാം. എന്നിരുന്നാലും വെറും ന്യൂയിസൻസ് എന്നതിനപ്പുറമുള്ള ഗൗരവമൊന്നും ഇക്കൂട്ടങ്ങൾക്ക് ആരും കണക്കാക്കുന്നില്ല.

പരിപാടി അലമ്പാക്കിയതിൻ്റെ നഷ്ടം ഈ ദിവസത്തെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കളടക്കമുള്ള പ്രിയപ്പെട്ടവർക്കുമാണ്.

ആ വൈകാരിക മൂല്യം മനസ്സിലാക്കാൻ മാത്രം സ്ഥിരബുദ്ധിയോ സാമാന്യബോധമോ കുട്ടിക്രിമിനലുകൾക്കും അവരെ മോട്ടോറാക്കി വിടുന്നവർക്കും ഇല്ല എന്നുമാത്രം.

ഈ ക്രിമിനലുകൾ ഗ്ലോറിഫൈ ചെയ്യപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും സമാനമായ ബുദ്ധിശൂന്യത അനുഭവിക്കുന്നവരുടെ ഇക്കോ ചേമ്പറുകളിൽ മാത്രമാണ്. അതവർ തിരിച്ചറിയുന്നില്ല എന്നതാണ് ദുരന്തം.

പൊതുചടങ്ങുകളിൽ പാലിക്കേണ്ട പക്വതയും ജനാധിപത്യ ബോധവും ആർജ്ജവവും കൃത്യമായി ഉയർത്തിപ്പിടിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് അഭിനന്ദനങ്ങൾ.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story