'രക്തസാക്ഷി സ്തൂപം തകർത്തു, വീടിന് നേരെ കല്ലേറ്, കുപ്പിയേറ്, ഈ ക്രിമിനലുകളുടെ നേതാക്കളാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങൾ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്'
text_fieldsപാലക്കാട്: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകർത്ത സംഭവത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം
കണ്ണൂരിലെ മലപ്പട്ടത്ത് വിമുക്തഭടൻ കൂടിയായ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ രണ്ട് മാസം മുമ്പ് സ്വന്തം സ്ഥലത്ത് സ്ഥാപിച്ച രക്തസാക്ഷി സ്തൂപം സി.പി.എമ്മുകാർ ഒരു കല്ല് പോലും ബാക്കിവെക്കാതെ തകർത്തെന്നും ഇവരാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങൾ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നതെന്നും വി.ടി.ബൽറാം കുറ്റപ്പെടുത്തി.
"സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലുൾപ്പെടുന്നതാണ് മലപ്പട്ടം പഞ്ചായത്ത്. കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് സി.പി.എം ക്രിമിനലുകൾ ക്രൂരമായി ആക്രമിച്ചത്. ഉദ്ഘാടന പ്രസംഗം നടക്കുമ്പോൾത്തന്നെ തൊട്ടപ്പുറത്ത് സി.പി.എം അതിനേക്കാളുച്ചത്തിൽ മൈക്ക് അനൗൺസ്മെന്റ്, കൂവൽ. പിന്നീട് കല്ലേറ്, കുപ്പിയേറ്. പുറത്തുനിന്ന് കൂടുതൽ പൊലീസെത്തിയതിന് ശേഷമാണ് കോൺഗ്രസിന്റെ വനിതാ പ്രവർത്തകരടക്കമുള്ളവരെ പൊലീസ് ജീപ്പിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ഇതാണ് തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിലെ സി.പി.എം."-വി.ടി ബൽറാം പറഞ്ഞു.
ഈ ക്രിമിനലുകളുടെ നേതാക്കളാണ് മാഷും ടീച്ചറുമൊക്കെയായി നന്മമരം കളിക്കുന്നത്. ഇവരാണ് ലോക സമാധാനത്തിന് വേണ്ടി ബജറ്റിൽ പണം നീക്കിവക്കുന്നതെന്നും വി.ടി ബൽറാം കുറ്റപ്പെടുത്തി.
വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ഫോട്ടോയിൽ ഇടതുവശത്ത് കാണുന്നത് കണ്ണൂരിലെ മലപ്പട്ടത്ത് രണ്ട് മാസം മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം. വലത് വശത്ത് മുകളിൽ കാണുന്നത് ഇന്നലെ രാത്രി സിപിഎമ്മുകാർ അത് പൂർണ്ണമായി തല്ലിത്തകർത്തതിന് ശേഷമുള്ള അവസ്ഥ. വലത് വശത്ത് താഴെയുള്ളത് സ്തൂപം സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വിമുക്തഭടൻ കൂടിയായ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ സനീഷിന്റെ വീട് കല്ലെറിഞ്ഞ് തകർത്തതിന് ശേഷം.
ഓർക്കുക, പൊതുസ്ഥലത്തോ റോഡ് കയ്യേറിയോ അല്ല സ്വന്തം സ്ഥലത്തായിരുന്നു സനീഷും കൂട്ടരും സ്തൂപം നിർമ്മിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നവരുടെ സ്മരണാർത്ഥമുള്ള സ്തൂപമായിരുന്നു അവിടെ ഉയർന്നത്. അതാണ് പ്രകടനമായി വന്ന് സിപിഎം ക്രിമിനലുകൾ ഒരു കല്ല് പോലും അവശേഷിക്കാതെ പൊളിച്ചുനീക്കിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലുൾപ്പെടുന്നതാണ് മലപ്പട്ടം പഞ്ചായത്ത്. ചരിത്രത്തിലിന്നേവരെ മറ്റാരെയും തെരഞ്ഞെടുപ്പുകളിൽ നോമിനേഷൻ കൊടുക്കാൻ പോലും അനുവദിക്കാതെ പൂർണ്ണമായും "എതിരില്ലാതെ"യാണ് സിപിഎം അവിടെ പഞ്ചായത്ത് ഭരിക്കാറുള്ളത്. ആദ്യമായി കോൺഗ്രസിന് നോമിനേഷൻ കൊടുക്കാനും അൽപ്പസമയമെങ്കിലും ബൂത്തിലിരിക്കാനും അവസരമുണ്ടായത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാത്രമാണ്, അതുകൊണ്ട് മാത്രം ഒരു സീറ്റ് ജയിക്കാനും കഴിഞ്ഞു.
ഇന്നലെത്തെ സിപിഎം അക്രമത്തിനെതിരെ ഇന്നവിടെ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തേയും പോലീസിന്റെ സാന്നിദ്ധ്യത്തിൽ സിപിഎം ക്രിമിനലുകൾ ക്രൂരമായി ആക്രമിച്ചു. ഉദ്ഘാടന പ്രസംഗം നടക്കുമ്പോൾത്തന്നെ തൊട്ടപ്പുറത്ത് സിപിഎം വക അതിനേക്കാളുച്ചത്തിൽ മൈക്ക് അനൗൺസ്മെന്റ്, കൂവൽ. പിന്നീട് കല്ലേറ്, കുപ്പിയേറ്. പുറത്തുനിന്ന് കൂടുതൽ പോലീസെത്തിയതിന് ശേഷമാണ് കോൺഗ്രസിന്റെ വനിതാ പ്രവർത്തകരടക്കമുള്ളവരെ പോലീസ് ജീപ്പിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയത്.
ഇതാണ് തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിലെ സിപിഎം. ഈ ക്രിമിനലുകളുടെ നേതാക്കളാണ് മാഷും ടീച്ചറുമൊക്കെയായി നന്മമരം കളിക്കുന്നത്. ഇവരാണ് ലോക സമാധാനത്തിന് വേണ്ടി ബജറ്റിൽ പണം നീക്കിവക്കുന്നത്. ഇവരാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങൾ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

