ജമാഅത്തെ ഇസ്‌ലാമി മാടായി സമ്മേളനത്തിൽ എം.വി ഗോവിന്ദൻ സംസാരിക്കുന്ന ചിത്രവുമായി വിടി. ബൽറാം
text_fieldsകോഴിക്കോട്: വർഷങ്ങൾക്ക് മുമ്പ് മാടായിയിൽ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥിനി വിഭാഗമായ ജി.ഐ.ഒ മാടായിപ്പാറയിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയതിന്‍റെ പേരിൽ വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് വി.ടി. ബൽറാം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
‘മാടായിയിലെ മടയിൽ കേറി മൗദൂദികളെ ആക്രമിക്കാനുള്ള ധൈര്യം ബഹു. ഗോവിന്ദൻ മാസ്റ്റർക്ക് മാത്രമേ കാണൂ...’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2004ൽ ജമാഅത്തെ ഇസ്‌ലാമി മാടായി ഏരിയാ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ സംസാരിക്കുന്ന ചിത്രമാണ് ബൽറാം ഷെയർ ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിനാണ് ജി.ഐ.ഒ പ്രവർത്തകർ മാടായിപ്പാറയിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയത്. ഇതിനെതിരെ, സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകടനം നടത്തിയെന്ന് കാണിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുകയാണ്.
ഫലസ്തീൻ ഐക്യാദാർഢ്യ പ്രകടനം നടത്തിയ ജി.ഐ.ഒ പ്രവർത്തകർക്കെതിരെ ബി.ജെ.പി മാടായി മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. ‘രാജ്യദ്രോഹികൾക്ക് കയറി മേയാനുള്ള ഇടമല്ല മാടായിപ്പാറ’ എന്ന പ്രകോപന മുദ്രാവാക്യം വിളികളോടെയായിരുന്നു ബി.ജെ.പി ജില്ല ഭാരവാഹികളുൾപ്പെടെയുള്ളവർ ഇവിടെയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

