'പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു'; പി.വി അൻവറിനെ ട്രോളി വി.ടി ബൽറാം
text_fieldsനിലമ്പൂർ: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ പത്രിക പിൻവലിക്കാൻ യു.ഡി.എഫ് നേതാക്കളുടെ മുന്നിൽ വെച്ച ഉപാധി കണ്ട് ഞെട്ടിയിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും.
2026ൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പും വനം വകുപ്പും തനിക്ക് നൽകണം എന്നാണ് ഒരു ഉപാധി. വി.ഡി.സതീശനെ നേതൃ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് മറ്റൊന്ന്. അൻവർ മുന്നോട്ടുവെച്ച ആവശ്യത്തെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം രൂക്ഷമായി പരിഹസിച്ചു.
'പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു' എന്നായിരുന്നു വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചത്.
പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ ഇന്ന് രാവിലെ കൂടി യു.ഡി.എഫ് നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നതായി അൻവർ പറഞ്ഞിരുന്നു.
'ഇന്ന് രാവിലെ ഒമ്പതുമണിവരെയും യു.ഡി.എഫിന്റെ വേണ്ടപ്പെട്ട നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ഞാന്‍ ഒറ്റക്കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടൊള്ളൂ. 2026ൽ യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരം, വനം വകുപ്പുകൾ തനിക്ക് വേണം. ഇക്കാര്യം എഗ്രിമെന്‍റാക്കി പൊതുമധ്യത്തില്‍ പറയണം. എന്നാല്‍ വി.ഡി. സതീശനെ യു.ഡി.എഫിന്റെ നേതൃസ്ഥാനത്തിരുത്തിക്കൊണ്ട് ഞാനങ്ങോട്ട് വരില്ല. ഒരു പിണറായിയെ ഇറക്കി, മറ്റൊരു മുക്കാൽ പിണറായിയെ കയറ്റാൻ ഞാനില്ല. സതീശനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരണം. ഇനിയൊരു പിണറായിയെ സൃഷ്ടിക്കാന്‍ ഞാനില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്മാറില്ല. സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയത്’ -അന്‍വര്‍ പറഞ്ഞു.
ആഭ്യന്തര, വനം വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥർ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാൻ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണെന്നും അൻവർ കുറ്റപ്പെടുത്തി.
മലപ്പുറം ജില്ല വിഭജിക്കണം. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്തുന്നില്ല. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക പിന്തുണ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തന്നെ പിന്തുണക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

