'അങ്ങനെയായിരുന്നു ഇന്ന് രാവിലെ വരെ'; മുന്നാക്ക സംവരണത്തിൽ നിലപാട് വ്യക്തമാക്കി വി.ടി. ബൽറാം
text_fieldsമുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം അനുവദിച്ചത് ശരിവെച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സംവരണത്തിന്‍റെ ലക്ഷ്യം സാമ്പത്തിക ഉന്നമനമല്ലെന്ന് ചൂണ്ടിക്കാട്ടുക വഴി കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചുള്ള നിലപാടാണ് ബൽറാം വ്യക്തമാക്കിയത്.
'സംവരണത്തിന്‍റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല, സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനവും ജനാധിപത്യത്തിൽ എല്ലാവർക്കും അർഹമായ രീതിയിൽ ഉറപ്പുവരുത്തപ്പെടേണ്ട അധികാര പങ്കാളിത്തവുമാണ്.
അങ്ങനെയായിരുന്നു ഇന്ന് രാവിലെ വരെ' -ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്. അഞ്ചിൽ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.