ഇതിന് പിന്നിലെ സി.പി.എം 'ബുദ്ധി'കേന്ദ്രങ്ങൾക്ക് നന്ദി; പരിഹാസവുമായി വി.ടി. ബൽറാം
text_fieldsതൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മിന്നും വിജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച സി.പി.എം നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. എറണാകുളം ലിസി ആശുപത്രിയിൽ വെച്ച് ഇടത് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ ചിത്രം പങ്കുവെച്ചാണ് ബൽറാമിന്‍റെ വിമർശനം. പത്രസമ്മേളനത്തിലെ വേഷം കെട്ടൽ കണ്ട നിമിഷത്തിൽ തന്നെ കേരളം ഉറപ്പിച്ചതാണ് സി.പി.എമ്മിന്റെ ഈ നാണം കെട്ട തോൽവിയെന്നും ഇതിന്റെ പുറകിലെ 'ബുദ്ധി'കേന്ദ്രങ്ങൾക്ക് യു.ഡി.എഫിന്റെ നന്ദി അറിയിക്കുന്നതായും ബൽറാം പറഞ്ഞു.
'സ്ഥാനാർഥി ആദ്യമായി പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഈ പത്രസമ്മേളനത്തിലെ വേഷം കെട്ടൽ കണ്ട നിമിഷത്തിൽ തന്നെ കേരളം ഉറപ്പിച്ചതാണ് സി.പി.എമ്മിന്റെ ഈ നാണം കെട്ട തോൽവി. ഇതിന്റെ പുറകിലെ 'ബുദ്ധി'കേന്ദ്രങ്ങൾക്ക് യു.ഡി.എഫിന്റെ നന്ദി' -ബൽറാം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫിനെ ആശുപത്രിയിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലൂടെയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്, ജില്ല സെക്രട്ടറി സി.എൻ. മോഹനൻ എന്നിവരാണ് പങ്കെടുത്തത്. ആശുപത്രിയിലെ ഡ്യൂട്ടി വേഷത്തിലെത്തിയായിരുന്നു ഡോ. ജോ ജോസഫ് വാർത്താസമ്മേളനത്തിനെത്തിയത്. കെ.എസ്. അരുൺകുമാർ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും, അവസാന നിമിഷം അതിനാടകീയമായി എൽ.ഡി.എഫ് ജോ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.