Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘ഏകാധിപതിയുടെ...

‘‘ഏകാധിപതിയുടെ ധിക്കാരത്തിന്​ ബി.ജി.എം ഇട്ട് കോരിത്തരിപ്പിക്കലായിരുന്നു ഇവിടെ നടന്നുപോന്നിരുന്നത്’’

text_fields
bookmark_border
‘‘ഏകാധിപതിയുടെ ധിക്കാരത്തിന്​ ബി.ജി.എം ഇട്ട് കോരിത്തരിപ്പിക്കലായിരുന്നു ഇവിടെ നടന്നുപോന്നിരുന്നത്’’
cancel

പാലക്കാട്​: സ്വർണക്കടത്ത്​ കേസിലെ അന്വേഷണ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ശിവശങ്കറെ ചോദ്യം ​ചെയ്​തതിന്​ പിന്നാലെ പ്രതികരണവുമായി വി.ടി. ബൽറാം എം.എൽ.എ. 

ശിവശങ്കർ പ്രതിചേർക്കപ്പെട്ടാൽ സ്വാഭാവികമായും മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരും. പ്രതികളുമായുള്ള പല ഫോൺ വിളികളും നടന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് സംശയിക്കപ്പെടുന്നു. ശിവശങ്കറെ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളിടത്ത് തന്നെ സത്യം പുറത്തു വരുന്നതിൽ മുഖ്യമന്ത്രിയുടെ "ആത്മാർഥത" കേരളീയർക്ക് ബോധ്യപ്പെടുന്നുണ്ട്. വിമർശനങ്ങളേയും മാധ്യമ വാർത്തകളേയും പുച്ഛിച്ച് തള്ളി, കേരളം ഭരിക്കുന്ന ഏകാധിപതിയുടെ ധാർഷ്ഠ്യത്തിനും ധിക്കാരത്തിനും ബി.ജി.എം ഇട്ട് കോരിത്തരിപ്പിക്കലായിരുന്നു ഇക്കാലമത്രയും ഇവിടെ നടന്നുപോന്നിരുന്നതെന്നും വി.ടി. ബൽറാം കുറ്റപ്പെടുത്തി. 

വി.ടി. ബൽറാം എം.എൽ.എ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം: 

സ്വർണ്ണക്കള്ളക്കടത്ത് എൻഐഎ അന്വേഷിക്കുകയാണ്. കസ്റ്റംസിൻ്റെ അന്വേഷണവും നടക്കുന്നു. അതവർ മുന്നോട്ടു കൊണ്ടുപോയിക്കോളും. മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നതിനും ഒഴുക്കൻമട്ടിൽ കേന്ദ്രത്തിന് കത്തയക്കുന്നതിനുമൊന്നും ഇക്കാര്യങ്ങളിൽ യാതൊരു പ്രസക്തിയുമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ഇന്നലെ ആറേഴ് മണിക്കൂറുകളാണ് ചോദ്യം ചെയ്യലിന് വിധേയനായത്. 
ഇദ്ദേഹം പ്രതിചേർക്കപ്പെട്ടാൽ സ്വാഭാവികമായും മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരും. പ്രതികളുമായുള്ള പല ഫോൺ വിളികളും നടന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് സംശയിക്കപ്പെടുന്നു. ക്രൈമിൻ്റെ പ്രധാനപ്പെട്ട ഒരു പ്ലേസ് ഓഫ് ഒക്കറൻസ് ആയി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉയർന്നുവരുന്നത്. മഞ്ഞുമലയുടെ ഒരു തലപ്പ് മാത്രമേ ഇപ്പോൾ പുറത്തുവന്നിട്ടുള്ളൂ. വ്യാപകമായ പിൻവാതിൽ നിയമനങ്ങളും കൺസൾട്ടൻസി തട്ടിപ്പുകളുമാണ് ഈ സർക്കാർ നാലു വർഷമായി നടത്തിപ്പോരുന്നത്. 

ഏതായാലും പിണറായി വിജയന് പതിറ്റാണ്ടുകളായി ആത്മബന്ധമുള്ള ശിവശങ്കർ ഇപ്പോഴും ലോംഗ് ലീവിൽ മാത്രമാണ്, സസ്പെൻഡ് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളിടത്ത് തന്നെ സത്യം പുറത്തു വരുന്നതിൽ മുഖ്യമന്ത്രിയുടെ "ആത്മാർത്ഥത" കേരളീയർക്ക് ബോധ്യപ്പെടുന്നുണ്ട്. ഫോൺ സംഭാഷണങ്ങളിലൂടെ കളളക്കടത്തുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് തെളിയിക്കപ്പെട്ട മന്ത്രി കെ.ടി ജലീലും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സംരക്ഷണയിൽ മാത്രം രാഷ്ട്രീയ രംഗത്ത് നിലനിൽക്കുന്നയാളാണ്.

കസ്റ്റംസ് അന്വേഷണം സ്വാഭാവികമായും ഈ കള്ളക്കടത്തിനേക്കുറിച്ചായിരിക്കും. എൻഐഎ കുറച്ച് കൂടി വിപുലമായി സമാന കള്ളക്കടത്ത് സംഭവങ്ങളേക്കുറിച്ചും അവയിലെ രാജ്യദ്രോഹപരമായ എലമെൻ്റുകളേക്കുറിച്ചും അന്വേഷിക്കുമായിരിക്കും. അതായത് നടന്നുവരുന്ന ക്രിമിനൽ ആക്റ്റിവിറ്റികളുമായി ബന്ധപ്പെട്ട ഒരു ടേംസ് ഓഫ് റഫറൻസിൻ്റെ അടിസ്ഥാനത്തിലായിരിക്കും അവയുടെ എല്ലാം അന്വേഷണം. അത് ഊർജിതമായി നടക്കട്ടെ, കുറ്റവാളികളുടെ മുഴുവൻ നെറ്റ് വർക്കും തകർക്കപ്പെടട്ടെ.

എന്നാൽ അതിനപ്പുറം നമ്മുടെ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു പരിശോധന കൂടി ഈ സാഹചര്യത്തിൽ നടത്തേണ്ടതുണ്ട്. കാരണം, മഞ്ഞുമലയുടെ ഒരു തലപ്പ് മാത്രമേ ഇപ്പോൾ പുറത്തുവന്നിട്ടുള്ളൂ. വ്യാപകമായ പിൻവാതിൽ നിയമനങ്ങളും കൺസൾട്ടൻസി തട്ടിപ്പുകളുമാണ് ഈ സർക്കാർ നാലു വർഷമായി നടത്തിപ്പോരുന്നത്. നിരവധി പിഎസ്സി റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെടുകയും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ നിരാശയുടെ പടുകുഴിയിലേക്ക് വീഴുകയും ചെയ്യുമ്പോഴാണ് പാർട്ടിക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള പിൻവാതിൽ നിയമനങ്ങൾ അരങ്ങ് തകർക്കുന്നത്. 
അതിനെതിരായി അതത് കാലത്തുയരുന്ന വിമർശനങ്ങളേയും മാധ്യമ വാർത്തകളേയും പുച്ഛിച്ച് തള്ളി, കേരളം ഭരിക്കുന്ന ഏകാധിപതിയുടെ ധാർഷ്ഠ്യത്തിനും ധിക്കാരത്തിനും ബിജിഎം ഇട്ട് കോരിത്തരിപ്പിക്കലായിരുന്നു ഇക്കാലമത്രയും ഇവിടെ നടന്നുപോന്നിരുന്നത്.

ജനാധിപത്യം നിലനിൽക്കുന്ന ഒരു നാട്ടിൽ ഭരണം എന്നത് ഭരണഘടനാധിഷ്ഠിതമായി മുന്നോട്ടു കൊണ്ടു പോകേണ്ടതാണ്, അല്ലാതെ ഭരണക്കാരുടെ ബന്ധുക്കൾക്കും ഭരണപ്പാർട്ടിക്ക് വേണ്ടപ്പെട്ടപ്പെട്ടവർക്കും തോന്നിയത് പോലെ ഫേവറുകൾ വിതരണം ചെയ്യാനുള്ളതല്ല. ഭരണപരമായ ഏത് തീരുമാനത്തിനും കൃത്യമായ ഒരു മാനദണ്ഡമുണ്ടായിരിക്കണം, നാലാള് കേട്ടാൽ അംഗീകരിക്കുന്ന യുക്തിസഹമായ കാരണങ്ങളുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ നിലവിലെ എൻഐഎ, കസ്റ്റംസ് അന്വേഷണങ്ങൾക്ക് പുറമേ ചില കാര്യങ്ങളേ സംബന്ധിച്ച് അടിയന്തരമായ പരിശോധനകൾ സംസ്ഥാന സർക്കാർ തലത്തിൽത്തന്നെ പ്രത്യേകമായി ഉണ്ടാവണം.

1) വിവിധ സർക്കാർ ഓഫീസുകളിലും സർക്കാരിന് നിയന്ത്രണാധികാരമുള്ള അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രതിമാസം 30000 രൂപക്ക് മുകളിൽ ശമ്പളമുള്ള മുഴുവൻ താത്ക്കാലിക ജീവനക്കാരുടേയും ലിസ്റ്റ് പുറത്തുവിടുക. ഇവരുടെ നിയമന രീതികൾ നിയമാനുസൃതമായിരുന്നോ എന്ന് വ്യക്തമാക്കുക.

2) സർക്കാർ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും പ്രോജക്റ്റുകളും കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നൽകിയ 5 ലക്ഷം രൂപക്ക് മേലുള്ള എല്ലാ കൺസൾട്ടൻസി കരാറുകളും വെളിപ്പെടുത്തുക. കൺസൾട്ടൻസി സ്ഥാപനത്തെ തെരഞ്ഞെടുത്ത രീതി, കൺസൾട്ടൻസിയുടെ ആവശ്യം, അവരുടെ റിപ്പോർട്ട് നടപ്പാക്കിയോ ഇല്ലയോ, അത് കൊണ്ടുണ്ടായ പ്രയോജനം എന്നിവയെല്ലാം ഒരു ജനകീയ ഓഡിറ്റിന് വിധേയമാക്കുക.

3) താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ 2006 ലെ ഉമാദേവി കേസ് മുതൽ കർശനമായ വിലക്കുണ്ട്. കെഎം അബ്രഹാം ചീഫ് സെക്രട്ടറിയായിരുന്ന വേളയിൽ ഇത് സംബന്ധിച്ച് വിവിധ വകുപ്പുകൾക്കയച്ച സർക്കുലറും നിലവിലുണ്ട്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽപ്പറത്തിയാണ് മന്ത്രിമാരുടേയും പേഴ്സണൽ സ്റ്റാഫിൻ്റേയും ഇടതു യുവജന നേതാക്കളുടേയുമടക്കം ബന്ധുക്കൾക്കും പാർട്ടി പ്രവർത്തകർക്കും വേണ്ടി ഓരോ ദിവസവും സ്ഥിരപ്പെടുത്തൽ ഉത്തരവ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതിൻ്റെ വിശദാംശങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ വരേണ്ടതുണ്ട്.

ഈ മൂന്ന് പ്രധാന വിഷയങ്ങളും മറ്റ് അനുബന്ധ കാര്യങ്ങളും ഉൾപ്പെടുത്തി സമഗ്രമായ ഒരു അന്വേഷണത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലക്ക് തയ്യാറാവണം. നമ്മുടെ ഭരണ സംവിധാനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അതനിവാര്യമാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressvt balramPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - vt balram criticize kerala goverment -kerala news
Next Story