''രാഹുലിനെ ഊരുമൂപ്പൻ എന്ന് വിളിക്കുന്ന സൈബർ പോരാളികളുടെ അതേ മനോഭാവമാണ് വി. അബ്ദുറഹ്മാനും''
text_fieldsപാലക്കാട്: താനൂർ എം.എൽ.എ വി.അബ്ദുറഹ്മാൻെറ വംശീയ പരാമശത്തിനെതിരെ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. വയനാട്ടുകാരനായ തിരൂർ എം.എൽ.എ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട് ആദിവാസികൾക്കിടയിൽ നിന്നും വന്നവർ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന വി.അബ്ദുറഹ്മാൻെറ പരാമർശം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വയനാടിൻെറ ജനപ്രതിനിധിയായതു കൊണ്ട് രാഹുൽ ഗാന്ധിയെ അധിക്ഷേപ സ്വരത്തിൽ "ഊരുമൂപ്പൻ" എന്ന് വിശേഷിപ്പിക്കുന്ന സി.പി.എം സൈബർ പോരാളികളുടെ അതേ മനോഭാവമാണ് വി.അബ്ദുറഹ്മാനുമുള്ളതെന്നും പൊളിറ്റിക്കൽ കറക്ട്നെസിൻെറ ക്ലാസെടുക്കാറുള്ള സി.പി.എം പക്ഷ വയറ്റിപ്പിഴപ്പ് ജീവികൾ ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല എന്ന് തോന്നുന്നുവെന്നും വി.ടി ബൽറാം പ്രതികരിച്ചു.
വി.ടി ബൽറാം എം.എൽ.എ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
വയനാടിൻെറ ജനപ്രതിനിധിയായതു കൊണ്ട് രാഹുൽ ഗാന്ധിയെ അധിക്ഷേപ സ്വരത്തിൽ "ഊരുമൂപ്പൻ" എന്ന് വിശേഷിപ്പിക്കുന്ന സിപിഎം സൈബർ പോരാളികളുടെ അതേ മനോഭാവം തന്നെയാണ് വയനാട്ടുകാരനായ തിരൂർ എംഎൽഎ സി.മമ്മൂട്ടിക്കെതിരെയുള്ള പരാമർശത്തിലൂടെ താനൂരിലെ എൽഡിഎഫ് എംഎൽഎ അബ്ദുറഹിമാനും ആവർത്തിക്കുന്നത്.
ഇടതുപക്ഷത്തിൻ്റെ ലേബലണിഞ്ഞ് മറ്റുള്ളവരുടെ ഓരോ വാക്കും വാചകവും തലനാരിഴ കീറി പൊളിറ്റിക്കൽ കറക്റ്റ്നെസിൻ്റെ ക്ലാസെടുക്കാറുള്ള സിപിഎം പക്ഷ വയറ്റിപ്പിഴപ്പ് ജീവികൾ പലരും ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല എന്ന് തോന്നുന്നു. അതിൽ ഒട്ടും അത്ഭുതമില്ല. വാളയാറിൽ കേരളത്തിൻ്റെ നീതിബോധത്തിന് മുമ്പിൽ ഇപ്പോഴും തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകൾ അവർ കാണില്ല, മയക്കുമരുന്ന് മാഫിയാ ഫാമിലിയിലേക്ക് മാത്രമേ അവരുടെ ബാലാവകാശക്കണ്ണ് എത്തുകയുള്ളൂ.
സിപിഎമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പൻ എന്നതൊക്കെ ഇന്നും അധിക്ഷേപപരമായിരിക്കാം. അതു കൊണ്ടാണല്ലോ മറ്റുള്ളവരെ ഇകഴ്ത്താൻ ഇത്തരം പ്രയോഗങ്ങൾ അവർ കൊണ്ടുനടക്കുന്നത്. ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവർ നടന്നോട്ടെ. എന്നാൽ ബാക്കി കേരളത്തിന്, ചിന്തിക്കുന്ന കേരളത്തിന്, അഭിമാനബോധമുള്ള കേരളത്തിന് അത്തരം ഐഡൻ്റിറ്റികളോട് പൂർണ്ണമായി ഐക്യപ്പെടാൻ കഴിയുന്നുണ്ട് എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തിരിച്ചറിയുന്നത്. അത് തന്നെയാണ് പ്രതീക്ഷ