Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വി.എസ് ഉജ്ജ്വല...

‘വി.എസ് ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം’; മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മന്ത്രിസഭായോഗം

text_fields
bookmark_border
‘വി.എസ് ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം’; മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മന്ത്രിസഭായോഗം
cancel

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സംസ്ഥാന മന്ത്രിസഭാ യോഗം. ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി.എസ് എന്ന് യോഗം അനുസ്മരിച്ചു.

ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിധ്യമാണ് അസ്‌തമിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനും നാടുവാഴിത്തത്തിനും ജന്മിത്വ - ഭൂപ്രഭുത്വ - ജാതിമേധാവിത്വ സംവിധാനങ്ങളുടെ അധികാരശക്തികൾക്കും എതിരെയുള്ള പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ആ ജീവിതം പിൽക്കാലത്ത് അമിതാധികാര-സ്വേഛാധിപത്യ വാഴ്‌ചക്കും വർഗീയ ഛിദ്രീകരണ ശക്തികൾക്കുമെതിരായ പോരാട്ടത്തിന്റെ തലത്തിലേക്കുയർന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.

ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ച‌യില്ലാതെ പോരാടിയ ജീവിതമാണ് വി.എസിന്റേത്. കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രം കൂടിയാണ് അത്. ഐതിഹാസികമായ പുന്നപ്ര-വയലാർ സമരങ്ങളുമായി പര്യായപ്പെട്ടുനിൽക്കുന്ന പേരാണത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നു. വി.എസിന്റെ വിയോഗത്തോടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും യോഗം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് അദ്ദേഹത്തിന്റെ ജീവിതം. തൊഴിലാളി-കർഷക മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു വളർന്ന വി.എസിന്റെ രാഷ്ട്രീയജീവിതം ഒരു ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെയാണ് മുന്നേറിയത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് വി.എസ് നേതൃത്വം നൽകി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളിൽ നടന്നുചെന്ന് കർഷകത്തൊഴിലാളികളുടെ യോഗം വിളിച്ചു ചേർക്കുകയും അവരെ സംഘടിതശക്തിയായി വളർത്തുകയും ചെയ്തു‌. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും ജോലി സ്ഥിരതക്കും മിച്ചഭൂമി പിടിച്ചെടുക്കലിനും വേണ്ടി നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി.എസ് ഇടപെടുകയും അവയിലേക്ക് സാമൂഹ്യശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.

നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്. 1967, 70 വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും 1991ൽ മാരാരിക്കുളത്തുനിന്നും നിയമ സഭാംഗമായി. 2001 മുതൽ 2021വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016 മുതൽ 2021 വരെ കേരള ഭരണപരിഷ്‌കാര കമീഷൻ ചെയർമാനായും പ്രവർത്തിച്ചു.

മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ നിരവധി ഭരണ നടപടികളിലൂടെ കേരളത്തെ മുന്നോട്ടു നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിരവധി ജനകീയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിച്ചു. ഭരണരംഗത്തും നിയമനിർമാണ കാര്യങ്ങളിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് വി.എസിന്റേത്. ജനകീയതയുടെ സന്ദേശങ്ങൾ ഭരണതലത്തിൽ പ്രതിഫലിപ്പിച്ചുകൊണ്ടും സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ മുമ്പോട്ടു കൊണ്ടുപോകാൻ അനവരതം യത്നിച്ചുകൊണ്ടുമാണ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ മുമ്പോട്ടുപോയതെന്നും യോഗം അനുസ്മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanSymbolFormer CMkerala cabinet meetingstruggledeterminationExtraordinary
News Summary - ‘V.S. was a symbol of brilliant struggle tradition and extraordinary determination’; Cabinet meeting expresses deep sorrow over the demise of former CM
Next Story