കമീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ല; എ.ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി വി.എസ് സുനിൽകുമാർ
text_fieldsതൃശൂർ: പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി സി.പി.ഐ നേതാവ് വി.എസ് സുനിൽ കുമാർ. കമീഷണർ മാത്രം വിചാരിച്ചാൽ പൂരം അലങ്കോലമാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൂരവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ല. റിപ്പോർട്ട് കാണാതെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്താനാവില്ല. 1200 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നത്. അതിനാൽ കാര്യം വ്യക്തമായി മനസിലാക്കാതെ കൂടുതൽ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്ന വാദം തിരുവമ്പാടി ദേവസ്വം പ്രതിനിധി കെ. ഗിരീഷ് കുമാറും തള്ളി. പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരണമെന്ന് നേരത്തെ ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. 15 കൊല്ലം പൂരം നടത്തിയ ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ട്. പൂരദിവസം 12 മണി വരെയാണ് പ്രദർശനഗരിയിൽ ടിക്കറ്റ് നൽകുക. ഇത്, പത്തുമണിയോടെ അടച്ച് ഇനി ആരും കയറേണ്ടതില്ലെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യത്തിൽ ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്.
കമീഷണർ അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

