Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇല്ലാത്ത സഹോദരിക്ക്...

‘ഇല്ലാത്ത സഹോദരിക്ക് ട്രാൻസ്ഫർ’; വി.എസ്. ശിവകുമാറിനെതിരായ വ്യാജ വാർത്തക്കെതിരെ സൈബർ സെല്ലിൽ പരാതി

text_fields
bookmark_border
‘ഇല്ലാത്ത സഹോദരിക്ക് ട്രാൻസ്ഫർ’; വി.എസ്. ശിവകുമാറിനെതിരായ വ്യാജ വാർത്തക്കെതിരെ സൈബർ സെല്ലിൽ പരാതി
cancel
camera_alt

വി. എസ്. ശിവകുമാർ

തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ വി.എസ്. ശിവകുമാർ രംഗത്ത്. എനിക്കില്ലാത്ത ഒരു സഹോദരിക്ക് ഞാൻ വഴിവിട്ട് ട്രാൻസ്ഫർ വാങ്ങി നൽകിയെന്ന അടിസ്ഥാനരഹിതമായ ആരോപണം ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ട്. ചില യൂട്യൂബ് ചാനലുകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഇത് വാർത്തയാക്കി മാറ്റുകയും ചെയ്തു. എനിക്ക് മൂന്ന് സഹോദരങ്ങൾ മാത്രമാണുള്ളതെന്ന് എന്നെ അറിയുന്ന എല്ലാവർക്കും വ്യക്തമായി അറിയാം. എന്നിട്ടും, ഇല്ലാത്ത ഒരാളുടെ പേരിൽ വ്യാജകഥയുണ്ടാക്കി എന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം എനിക്കെതിരെയുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണെന്ന് വി.എസ്. ശിവകുമാർ പറയുന്നു.

അമ്പതുവർഷത്തെ എന്റെ കോൺഗ്രസ് രാഷ്ട്രീയത്തെ തകർക്കാൻ, ബി.ജെ.പിക്കാരനാണെന്ന വ്യാജ പ്രചാരണവും സി.പി.എം സംഘടിതമായി നടത്തി. വ്യക്തിഹത്യയും വർഗീയതയും കുത്തിവെച്ചാണ് അവർ എനിക്കെതിരെ വോട്ടുപിടിച്ചത്. അതിനൊപ്പം, SK ആശുപത്രിയുൾപ്പെടെയുള്ള ബിനാമി ഇടപാടുകൾ ആരോപിച്ച് കഴിഞ്ഞ പത്തുവർഷമായി പിണറായി സർക്കാർ എന്നെ വേട്ടയാടുകയാണ്. രാഷ്ട്രീയമായും മാനസികമായും തകർക്കാൻ ശ്രമിച്ചെങ്കിലും, ആ അന്വേഷണങ്ങളെ താൻ ധീരമായി പോരാടിയെന്നും ശിവകുമാർ പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

പ്രിയ സുഹൃത്തുക്കളേ,

വളരെ വേദനയോടെയും വിഷമത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്.

എനിക്ക് ഇല്ലാത്ത ഒരു സഹോദരിക്ക് ആരോഗ്യവകുപ്പിൽ ഞാൻ ഇടപെട്ടു കൊണ്ട് ട്രാൻസ്ഫർ വാങ്ങി കൊടുത്തു എന്ന തരത്തിൽ തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമായ ഒരു ആരോപണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുകയാണ്. സിപിഎം സൈബർ ഇടങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ടിറ്റോ ആന്റണി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ കള്ളക്കഥ പ്രചരിപ്പിക്കുകയും, സിപിഎമ്മിന് വേണ്ടി മാത്രം ശബ്ദമുയർത്തുന്ന ചില യുട്യൂബ് ചാനലുകൾ അത് വാർത്തയാക്കി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നത്.

എനിക്ക് 3 സഹോദരങ്ങളാണ് ഉള്ളത് .എന്നെ അറിയുന്ന ആർക്കും അറിയാവുന്ന ഒരു കാര്യമാണ് അത്. എന്നിട്ടും ഇല്ലാത്ത ഒരു സഹോദരിയെ സൃഷ്ടിച്ച് അവർക്കൊരു ട്രാൻസ്ഫർ ലഭിച്ചുവെന്ന കഥ മെനഞ്ഞ് എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് എനിക്ക് എതിരെ തുടർന്ന് വരുന്ന വ്യാജ പ്രചരണങ്ങളുടെ തുടർച്ചയാണ്.

ഇത് ആദ്യമായല്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വി.എസ്. ശിവകുമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തി, സീറ്റ് ലഭിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ ഒരു വ്യാജ വാർത്ത സിപിഎം അനുകൂല ചാനലിലൂടെ പ്രചരിപ്പിച്ചു.. ആ വാർത്ത നൽകിയവർക്കെതിരെ 1 കോടി രൂപയുടെ നോട്ടീസ് നൽകി ഞാൻ നിയമനടപടിയുമായി മുന്നോട്ടു പോവുകയാണ്.. എന്നാൽ അതിനുമുമ്പ് തന്നെ ആ കള്ളപ്രചാരണം ഏറ്റെടുത്ത് അരുവിക്കരയിൽ എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുകയും ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങക്കിടയിൽ സംശയങ്ങളും ഭിന്നതകളും സൃഷ്ടിക്കുകയും ചെയ്തു.

അമ്പത് വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന എന്നെ ബിജെപിക്കാരനായി ചിത്രീകരിച്ചും, എന്നെ വ്യക്തിഹത്യ നടത്തിയും സിപിഎം വ്യാജ നോട്ടീസുകൾ ഇറക്കി. സിപിഎം ജനപ്രതിനിധികളുടെ വീട്ടിൽ നിന്നും ഈ വ്യാജ നോട്ടീസുകൾ പോലീസ് പിടിച്ചെടുത്തു. അങ്ങനെ വ്യക്തിഹത്യ നടത്തിയും വർഗീയത ഇളക്കിവിട്ടതിന്റെ ഫലമായിട്ടാണ് തുച്ഛമായ വോട്ടിന് ഞാൻ പരാജയപെട്ടത്.

ഞാൻ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും, നഗരത്തിലെ SK ആശുപത്രി ബിനാമി ഇടപാടിലൂടെ വാങ്ങിയെന്നും, തുടങി നിരവധി ബിനാമി ഇടപാടുകൾ നടത്തിയെന്നുമുള്ള ആരോപണങൾ ഉന്നയിച്ചു കൊണ്ട് അയച്ച ഒരു ഊമ കത്തിന്റെ പേരിൽ കഴിഞ 10 വർഷക്കാലം പിണറായി സർക്കാർ എന്നെ വേട്ടയാടി.രാഷ്ട്രീയമായും, മാനസികമായും എന്നെ തകർക്കാൻ ശ്രെമിച്ചു. എന്നിട്ടും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയില്ല. ഭൂമിക്കും ആകാശത്തിനുമിടയിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും അവർ അന്വേഷിച്ചു. കേസ് അന്വേഷണം നീണ്ടു പോയപ്പോൾ ഞാൻ ഹൈ കോടതിയിൽ പോയി. ഹൈ കോടതിയുടെ അന്ത്യ ശാസനത്തെ തുടർന്ന് എൽ ഡി എഫ് സർക്കാരിന്റെ പോലീസ് തന്നെ എനിക്ക് ക്ലീൻ ചിറ്റ് നൽകി. എന്നിട്ടും ആ വ്യാജ ആരോപണങ്ങൾ വീണ്ടും വീണ്ടും ഉയർത്തിക്കാട്ടി അരുവിക്കരയിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചു.

ഞാൻ സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ്. എന്റെയും ഭാര്യയുടെയും കുടുംബസ്വത്ത് വിറ്റിട്ടാണ് എന്റെ മക്കളുടെ വിവാഹങ്ങൾ നടത്തിക്കൊടുത്തത്.അത് ആർക്കു വേണമെങ്കിലും പരിശോധിക്കാം.ജനങ്ങൾ നൽകിയ വിശ്വാസമാണ് എന്റെ സമ്പത്ത്. ആ വിശ്വാസത്തെ തകർക്കാനാണ് നിരന്തരം ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നത്.

കെഎസ്‌യുവിന്റെ ദീപശിഖാങ്കിത നീല പതാക പിടിച്ച് തുടങ്ങിയതാണ് എന്റെ രാഷ്ട്രീയ ജീവിതം. എന്റെ മരണംവരെയും മൂവർണ്ണ കൊടിയുടെ കീഴിൽ അടിയുറച്ചു നിൽക്കുന്ന ഒരു പാർട്ടി പ്രവർത്തകനായി ഞാൻ ഉണ്ടാകും. രാഷ്ട്രീയമായി എതിർക്കാം. വിമർശിക്കാം. പക്ഷേ ഇല്ലാത്ത കഥകൾ സൃഷ്ടിച്ച് ഒരാളുടെ വ്യക്തിത്വത്തെയും കുടുംബത്തെയും ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരമല്ല.

ഇത്രയൊക്കെ നുണകൾ പ്രചരിപ്പിച്ചിട്ടും ഞാൻ തളർന്നിട്ടില്ല. കാരണം സത്യത്തിന്റെ കരുത്തിൽ എനിക്ക് വിശ്വാസമുണ്ട്. എന്നെ അറിയുന്ന ജനങ്ങൾക്കും ആ സത്യം അറിയാം. നുണകൾ കുറച്ചുകാലം ഓടും. പക്ഷേ സത്യത്തെ മറികടന്ന് ഒരിക്കലും വിജയിക്കാനാവില്ല. വ്യാജ വാർത്ത പ്രചരിപ്പിച്ച ടിറ്റോ ആന്റണിക്കും, യൂ ട്യൂബ് ചാനലിനുമെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും, സൈബർ സെല്ലിനും പരാതി നൽകി.

– വി. എസ്. ശിവകുമാർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs sivakumardefamation caseFake Newsallegationlegal action
News Summary - VS Sivakumar files legal complaint against spreading false allegations
Next Story