സജി ചെറിയാന് മലപ്പുറത്ത് ജയിച്ചവരുടെ മതം തിരിച്ച കണക്കുമായി ഡി.സി.സി പ്രസിഡന്റിന്റെ മറുപടി: ‘ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ കണക്ക് പറഞ്ഞെന്നെ ഉള്ളൂ...’
text_fieldsമലപ്പുറം: കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് കാണാമെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനക്ക് കണക്ക് നിരത്തി മറുപടിയുമായി മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്. കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം..എന്നാലും ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നെ ഉള്ളൂ എന്ന വിശദീകരണത്തോടെയാണ് മലപ്പുറത്ത് ജയിച്ച ജനപ്രതിനിധികളുടെ മതം തിരിച്ച കണക്കുകൾ അദ്ദേഹം പുറത്തുവിട്ടത്.
‘മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബാനറിൽ ജയിച്ച കോൺഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666 ആണ്... അതിൽ അമുസ്‍ലിം സഹോദരങ്ങളുടെ എണ്ണം 319 ആണ്.. 1456 ജനപ്രതിനിധികളെ വിജയിപ്പിച്ച മുസ്‍ലിം ലീഗ് ജനപ്രതിനിധികളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി ഉൾപ്പെടെ 153 ജനപ്രതിനിധികൾ അമുസ്‍ലിം സഹോദരങ്ങളാണ്.. അതായത് 472 ൽ അധികം അമുസ്‍ലിം സഹോദരങ്ങൾ യു.ഡി.എഫ് ബാനറിൽ മലപ്പുറത്ത് മത്സരിച്ചു വിജയിച്ചവരാണ്..
എന്റെ നാടായ പോത്തുകല്ല് പഞ്ചായത്തിലെ വെള്ളിമുറ്റം വാർഡിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത് കോൺഗ്രസുകാരിയും ക്രൈസ്തവ സഹോദരിയുമായ റീന ജിജോ ആണ്. കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം..എന്നാലും ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നെ ഉള്ളൂ.. മതേതരത്വം സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയെ കുന്തവും കുട ചക്രവുമായി കാണുന്ന സജി ചെറിയാൻ, മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.. ചാണക കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല..’ -ജോയ് വ്യക്തമാക്കി.
അതിനിടെ, സജി ചെറിയാന്‍റെ വിദ്വേഷ പരാമർശത്തിനെതിരെ 14 ജില്ലാ പഞ്ചായത്ത് ഭരണസമിതികളിലേക്കും വിജയിച്ചുവന്ന മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ളവരുടെ കണക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. പ്രതിപക്ഷമില്ലാതെ യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവർക്കെല്ലാം പ്രാതിനിധ്യമുണ്ട്. മുസ്‍ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള ഭരണസമിതിയിൽ ആറ് പേർ മുസ്‍ലിംകളല്ലാത്തവരാണ്. ഇതിൽ രണ്ട് പേർ മുസ്‍ലിം ലീഗ് സ്ഥാനാർഥികളായി ജയിച്ചവരും. സംവരണമില്ലാത്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് എസ്.സി വിഭാഗത്തിൽ നിന്ന് ജയിച്ചുവന്ന അഡ്വ. എ.പി സ്മിജിയാണ്. എന്നാൽ 23 ജില്ലാ പഞ്ചായത്ത് അംഗങ്ങളുള്ള കോട്ടയത്ത് ഒരാൾ പോലും മുസ്‍ലിം സമുദായത്തിൽ നിന്നില്ല. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെല്ലാം ജയിച്ചവരിൽ ഒരാൾ വീതം മാത്രമാണ് മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ളത്.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ നാല് പേർ വീതമാണ് മുസ്‍ലിം പ്രാതിനിധ്യം. ഇതിന് പുറമെ മുസ്‍ലിം പ്രാതിനിധ്യമില്ലാതെ സി.പി.എം ഭരിക്കുന്ന ഒട്ടേറെ ഗ്രാമപഞ്ചായത്തുകളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. സജി ചെറിയാൻ ഉയർത്തിയ മുസ്‍ലിം വിരുദ്ധ പരാമർശത്തിന് കണക്ക് നിരത്തിയുള്ള മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
14 ജില്ലാ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 346 അംഗങ്ങളിൽ 81 പേരാണ് മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ളത്. ഇതിൽ 66 പേരും യു.ഡി.എഫിൽ നിന്നാണെങ്കിൽ 15 പേർ മാത്രമാണ് എൽ.ഡി.എഫ് പ്രാതിനിധ്യമെന്ന കണക്കും പുറത്തുവരുന്നു. കണ്ണൂർ ഉൾപ്പെടെ സി.പി.എം ആധിപത്യം നിലനിൽക്കുന്ന പല ജില്ലകളിലും പാർട്ടിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പട്ടികയിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ളത്. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരുടെ മതം തിരയുന്നതിനെതിരെയും രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

