Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപൂര്‍വങ്ങളില്‍...

അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസാധാരണ മനുഷ്യന്‍

text_fields
bookmark_border
അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസാധാരണ മനുഷ്യന്‍
cancel

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിക്കേണ്ട അസാധാരണ മനുഷ്യനാണ് വി.എസ്. അച്യുതാനന്ദന്‍. പതിനേഴാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച, ഒമ്പത് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന, വി.എസ് രാഷ്ട്രീയ വിദ്യാർഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്. അതിപ്രഗത്ഭനായ വാഗ്മിയെന്നോ കരുത്തുറ്റ ഭരണാധികാരിയെന്നോ ഒരിക്കലും വിശേഷിപ്പിക്കാനാവില്ല. ഇ.എം.എസ്സി​െൻറ താത്വിക പിന്‍ബലമോ സി. അച്യുതമേനോന്റെ ഭരണപാടവമോ കെ. കരുണാകര​െൻറ അധികാരപ്രയോഗങ്ങളിലെ ചടുലതയോ ഇല്ലെങ്കിലും ഇവരെക്കാലും കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയത കൈവരിക്കാന്‍ സാധിച്ചു എന്നതാണ് അച്യുതാനന്ദെൻറ മഹത്വം.

ആലപ്പുഴയിലെ പിന്നാക്ക കുടുംബത്തില്‍ പിറന്ന്, കുട്ടിക്കാലത്തേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട വി.എസ് സ്വയം സൃഷ്ടിക്കപ്പെട്ട നേതാവാണ്. ആരുടെയെങ്കിലും കാരുണ്യത്താലോ പെട്ടിയെടുപ്പിെൻറ പിന്‍ബലത്താലോ നേതാവായതുമല്ല. എടുത്ത നിലപാടുകളുടെ പേരില്‍ വികസനവിരോധിയെന്നും വെട്ടിനിരത്തല്‍ വീരനെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടും കൂസാതെ ഉറച്ചുനിന്നു. അന്നത്തെ വിമര്‍ശകര്‍ പിന്നീട് ആരാധകരായി. മുമ്പ് ഒപ്പമുണ്ടായിരുന്നവർ പിന്നീട് ശത്രുക്കളുമായി.

സി.പി.എമ്മിെൻറ പോളിറ്റ്ബ്യൂറോ എന്ന പരമോന്നത ഘടകത്തില്‍നിന്ന് ഗ്രൂപ്പുവഴക്കിനെ തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ എന്ന സ്ഥാപകനേതാവ് 2009ൽ പുറത്താക്കപ്പെട്ടപ്പോള്‍ നഷ്ടം സംഭവിച്ചത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനായിരുന്നു. സംസ്ഥാനത്ത് ഇടതുപക്ഷത്തിെൻറ തുടര്‍ഭരണം എന്ന നേട്ടമാണ് ആ തീരുമാനത്തിലൂടെ സി.പി.എം തട്ടിക്കളഞ്ഞത്. മുഖ്യമന്ത്രിയാക്കാന്‍ താല്പര്യമില്ലാത്തതിെൻറ പേരില്‍ സി.പി.എം കേരള സംസ്ഥാന ഘടകം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നു തീരുമാനിക്കുകയും കേന്ദ്രക്കമ്മിറ്റിയും പോളിറ്റ്ബ്യൂറോയും അത് അംഗീകരിക്കുകയും ചെയ്തശേഷം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സാധാരണക്കാരും തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പഴയ തീരുമാനം തിരുത്താന്‍ ഈ ഘടകങ്ങള്‍ നിര്‍ബന്ധിതമാവുകയും ചെയ്തത് വി.എസ്. അച്യുതാനന്ദെൻറ കാര്യത്തിലായിരുന്നു. അങ്ങനെ മുഖ്യമന്ത്രിയായശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കേണ്ട അവസ്ഥ വന്നപ്പോള്‍ പാര്‍ട്ടിതന്നെ അധികാരം നിലനിര്‍ത്താന്‍ താല്പര്യപ്പെടാത്ത അവസ്ഥ. ഒടുവില്‍ ജയത്തോടടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ട് സീറ്റിെൻറ വ്യത്യാസത്തില്‍ തുടര്‍ഭരണം നഷ്ടപ്പെട്ടപ്പോള്‍ പത്തോളം സീറ്റുകളില്‍ വേണ്ടത്ര ജാഗ്രത കാട്ടാത്തതിനാല്‍ എൽ.ഡി.എഫ് പരാജയപ്പെട്ടതായി സ്വയംവിലയിരുത്തലുണ്ടായി.

സി.പി.ഐ കേന്ദ്ര സമിതിയില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപീകരിച്ച 32 പേരില്‍ ശേഷിച്ചിരുന്ന അവസാനത്തെ ആളായിരുന്നു വി.എസ്. 1923 ഒക്ടോബര്‍ 20 ആണ് വി.എസിെൻറ ജന്മദിനം. നാലര വയസ്സുള്ളപ്പോള്‍ അമ്മയും 11 വയസ്സുള്ളപ്പോള്‍ അച്ഛനും മരിച്ചു. അതുവരെ കടുത്ത ദൈവവിശ്വാസിയായിരുന്ന ബാലന്‍, അച്ഛന്‍റെയും മരണത്തോടെ തന്നെ അനാഥനാക്കിയ ദൈവത്തോട് മുഖം തിരിക്കുകയായിരുന്നു. പിന്നീട് അതില്‍ മാറ്റമുണ്ടായില്ല. ഏഴാം ക്ലാസ് വിദ്യാഭ്യാസം ലഭിച്ച വി.എസ്സിന്റെ സര്‍വകലാശാല ജനങ്ങളും അവര്‍ക്കിടയിലെ പ്രവര്‍ത്തനവുമായിരുന്നു.

നിശ്ചയദാര്‍ഡ്യമാണ് വി.എസ്സിെൻറ പ്രത്യേകത. ഒരു കാര്യം തീരുമാനിച്ചാല്‍ അതിനായി അങ്ങേയറ്റം പൊരുതും. ഈ ചിട്ട ജീവിതത്തിലും പിന്തുടര്‍ന്നു. "ആരോഗ്യത്തിന് ഹാനികരമായതിനാല്‍ പുകവലി ഉപേക്ഷിക്കുന്നതല്ലേ നല്ലത് സഖാവേ" എന്ന് വിട്ടുമാറാത്ത ചുമയ്ക്ക് മരുന്നുതേടിയ വി.എസ്സിനോട് ഡോ. കെ.എന്‍.പൈ പരിശോധനക്കുശേഷം നിര്‍ദ്ദേശിച്ചപ്പോള്‍, "എങ്കില്‍ ഇപ്പോള്‍തന്നെ ഉപേക്ഷിക്കാം" എന്ന് അതുവരെ ചെയിന്‍സ്‌മോക്കറായിരുന്ന ആള്‍ തീരുമാനിക്കുകയാണ്. പിന്നീടൊരിക്കലും ലംഘിക്കപ്പെടാത്തതായിരുന്നു ആ തീരുമാനവും. കൊടിയ പുകവലിക്കാരോടൊപ്പം കമ്മിറ്റികളിലൊക്കെ ഇരിക്കുമ്പോള്‍പോലും പുകവലിക്കണമെന്ന് തോന്നിയിട്ടേയില്ലെന്ന് വി.എസ് പറഞ്ഞിരുന്നു. പ്രിയപ്പെട്ട ചായയും കാപ്പിയും പോലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം വർഷങ്ങൾക്ക് മുമ്പേ ഉപേക്ഷിച്ചു.

ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കയര്‍ഫാക്ടറിയില്‍ തൊഴിലാളിയായി 1940-ല്‍ ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. പി. കൃഷ്ണപിള്ളയായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയത്. 1946-ല്‍ പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ആക്രമിക്കുന്നതിന് സമരസജ്ജമാക്കിയത് അന്ന് പൊലീസിെൻറ വാറണ്ട് പ്രതികൂടിയായ വി.എസ് ആണ്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒളിവിലിരുന്നായിരുന്നു നേതൃത്വം വഹിച്ചത്. മര്‍ദ്ദകവീരനായ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാര്‍ പുന്നപ്ര അപ്‌ളോന്‍ അരശിെൻറ വീട്ടിലെ ക്യാമ്പിലേക്കെത്തിയ പ്രകടനത്തിനുനേരെ വെടിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. അമ്പതോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ വെടിയേറ്റു വീണുമരിച്ചു. തൊഴിലാളികള്‍ വാരിക്കുന്തവുമായി തിരിച്ചടിച്ചു. വേലായുധന്‍ നാടാരേയും പത്തോളം പൊലീസുകാരെയും വധിച്ചു. പൊലീസുകാരില്‍നിന്ന് പിടിച്ചെടുത്ത തോക്കുകളുമായി സഖാക്കള്‍ വി.എസ് ഒളിവില്‍ കഴിഞ്ഞ വീട്ടിലെത്തി. അദ്ദേഹം അത് പൂക്കൈതയാറ്റിലിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറിലേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. അവിടെവച്ച് പിടിയിലായ വി.എസ്സിന് ഈരാറ്റുപേട്ട ഔട്ട്‌പോസ്റ്റിലും പാലാ സ്റ്റേഷനിലും വച്ച് ഭീകരമര്‍ദ്ദനമേറ്റു. ബയണറ്റ് കാലില്‍ കുത്തിക്കയറ്റിയതിന്റെ പാട് ആ ശരീരത്തിലുണ്ട്. മര്‍ദ്ദനത്തില്‍ മരിച്ചുവെന്ന് കരുതി ജഡം കാട്ടില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അതിന് സഹായിയായിരുന്ന കള്ളന്‍ കോരപ്പനാണ് ഞരക്കം കേട്ട് പാലാ ജനറല്‍ ആശുപത്രിയില്‍ ആ ശരീരം എത്തിച്ചത്. ഭീകരമായി മര്‍ദ്ദിച്ച അതേ ഇന്‍സ്‌പെക്ടര്‍ സ്ഥലംമാറ്റത്തിന് സഹായം തേടി ഇ.എം.എസ് സര്‍ക്കാരിെൻറ കാലത്ത് തന്നെ സന്ദര്‍ശിക്കേണ്ടിവന്നതിനെപ്പറ്റി പിന്നീട് വി.എസ് പറഞ്ഞിട്ടുണ്ട്.

1952ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. അമ്പത്തേഴിലെ ആദ്യ ഇ.എം.എസ് സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ഒമ്പതംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ സഖാവ് വി.എസ് ആയിരുന്നു. 1958ല്‍ പാര്‍ട്ടി ദേശീയ സമിതി അംഗമായി. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് ദേവികുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായതിനാല്‍, അതിെൻറ ചുമതലക്കാരനായിരുന്ന വി.എസ് പോകാത്ത പാര്‍ട്ടി കോണ്‍ഗ്രസ്സാണ് അദ്ദേഹത്തെ ആദ്യമായി കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ദേവികുളത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാർഥി റോസമ്മ പുന്നൂസിനെ ആദ്യത്തേതിനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനായത് അച്യുതാനന്ദ​െൻറ സംഘടനാശേഷിയുടെ മികവായി വിലയിരുത്തപ്പെട്ടു.

നിയമസഭയിലേക്കുള്ള കന്നി മത്സരത്തില്‍ 1965-ല്‍ സ്വന്തം വീടുള്‍പ്പെട്ട അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടിന് തോറ്റ വി.എസ് രണ്ടു വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ തന്നെ എ. അച്യുതനെ 9515 വോട്ടിന് തോല്‍പ്പിച്ചാണ് നിയമസഭയിലേക്ക് ആദ്യമായി പ്രവേശിച്ചത്. കേരള നിയമസഭയില്‍ മൂന്നുതവണ പ്രതിപക്ഷനേതാവായിരുന്നു.

എല്‍ഡിഎഫ് കണ്‍വീനറായിരിക്കേയാണ് വി.എസ് പുതിയ ഇടപെടല്‍ മേഖല തുറന്ന് പരിസ്ഥിതി സമരങ്ങളുമായി പ്രത്യക്ഷപ്പെടുന്നത്. നെല്‍വയല്‍ നികത്തലിനെതിരെ തുടങ്ങിയ സമരം മുല്ലപ്പെരിയാര്‍, വാഗമണ്‍, പൂയംകുട്ടി, മതികെട്ടാന്‍ മലയിലെ വനം കയ്യേറ്റം, ജലചൂഷണം തുടങ്ങി കേരളത്തിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നേറ്റങ്ങളായിരുന്നു. ബാങ്കുകളുടെ നിക്ഷേപ വായ്പാ അനുപാതം വളരെ താണതിനെതിരെ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കേരളത്തിലെ ബാങ്കുകള്‍ക്ക് വായ്പകള്‍ അനുവദിക്കുന്ന നയത്തില്‍ തിരുത്തലുകള്‍ വരുത്തേണ്ടിവന്നു. മുഖ്യമന്ത്രിയായിരിക്കേ സ്വന്തം പാര്‍ട്ടിതന്നെ അദ്ദേഹത്തിന്‍റെ പാരിസ്ഥിതിക കൈയേറ്റങ്ങള്‍ക്കെതിരായ ഇടപെടലുകള്‍ക്കെതിരെ രംഗത്തുവരുന്ന അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മലയാളി കാണേണ്ടിവന്നു. അപ്പോഴൊക്കെയും ഉറച്ച നിലപാടെടുത്ത വി.എസ് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandanmedical bulletinLatest NewsPattam SUT HospitalObituary
News Summary - VS: An extraordinary man, the rarest of the rare
Next Story