Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസിനെ ഒരുനോക്ക്...

വി.എസിനെ ഒരുനോക്ക് കാണാൻ പതിനായിരങ്ങൾ പാതയോരങ്ങളിൽ; ആദ്യമെത്തുക പുന്നപ്രയിലെ വീട്ടിൽ

text_fields
bookmark_border
VS Achuthanandan
cancel

തിരുവനന്തപുരം: അണമുറിയാത്ത ജനപ്രവാഹത്തിനും ഇരമ്പിയാർത്ത സ്​നേഹവായ്പുകൾക്കും നടുവിൽ സമര തലസ്ഥാനത്തു നിന്ന്​ ​വി.എസ് ആലപ്പുഴയിലെ വിപ്ലവ മണ്ണിലേക്ക്​ തിരിച്ചു. ജനകീയതയുടെ തലവാചകമായ പ്രിയനേതാവിനെ അവസാനമായി കാണാൻ പ്രായഭേദമന്യേ ജനം ​തിരമാലകൾ പോലെ ആർത്തലച്ചു.

പ്രത്യേകം തയാറാക്കിയ കെ.എസ്​.ആർ.ടി.സി ബസിൽ ദർബാർ ഹാളിൽ നിന്ന്​ പുന്നപ്രയിലേക്കുള്ള വിലാപയാത്ര ഉച്ചക്ക് 2.15ന് ആരംഭിച്ചു. മകൻ അരുൺകുമാർ, എം.വി. ജയരാജൻ, വി. ജോയി, പുത്തലത്ത്​ ദിനേശൻ എന്നിവരാണ്​ ബസിലുണ്ടായിരുന്നത്​. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേർ അനുഗമിച്ചു.

വാഹനം കടന്നുപോകുന്ന ദേശീയപാതക്ക് ഇരുവശവും വി.എസിന്‍റെ ചിത്രങ്ങളും ​പുഷ്പങ്ങളും ചെ​​​​ങ്കൊടികളുമായി ആയിരങ്ങളാണ്​ കാത്തുനിന്നത്​. നഗരാതിർത്തിയായ കഴക്കൂട്ടത്ത്​ വിലാപയാ​ത്രയെത്താൻ​ 5.30 മണിക്കൂറെടുത്തു​. ഇവിടെ ജനസാഗരം മൂലം വാഹനം മുന്നോട്ടുനീങ്ങാനാകാത്ത സാഹചര്യമുണ്ടായി. പ്രവർത്തകർ പ്രകടനമായി മുന്നിൽ നീങ്ങിയാണ്​ ഒടുവിൽ വഴിയൊരുക്കിയത്​. ആൾക്കൂട്ടത്തെ അനാഥമാക്കിയ അവസാന യാത്ര ആറ്റിങ്ങലും കടമ്പാട്ടുകോണവും ചാത്തന്നൂരൂം കൊല്ലവും ചവറയും കരുനാഗപ്പള്ളിയും കായംകുളവും പിന്നിട്ട്​ ആലപ്പുഴയി​ലേക്ക്.

തിരുവനന്തപുരത്തു നിന്ന്​ ദേശീയപാത വഴി പുറപ്പെട്ട വിലാപയാത്ര മണിക്കൂറുകൾ പിന്നിട്ട്​ രാത്രി വൈകിയാണ്​ തലസ്ഥാന ജില്ല പിന്നിട്ടത്​. ജീവിതം പോരാട്ടമാക്കിയ സമരനായകന്​ ജനസഹസ്രങ്ങളുടെ കരളുലഞ്ഞ അഭിവാദ്യത്തോടെയാണ്​ നാട് യാത്രാമൊഴിയേകിയത്​. പാതിരാത്രിയിലും വി.എസിനെ കാത്ത് പാതയോരങ്ങളിൽ നിലയുറപ്പിച്ചത് പതിനായിരങ്ങൾ.

പ്രതീക്ഷിച്ചതിൽ നിന്നും ഏറെ വൈകിയാണ് വിലാപയാത്ര വിവിധ കേന്ദ്രങ്ങൾ പിന്നിട്ടത്​. എ.കെ.ജി സെന്‍ററിലെ പൊതുദർശനത്തിന്​ ശേഷം തിങ്കളാഴ്ച രാത്രി 12 നാണ്​ വി.എസിന്‍റെ ഭൗതിക ശരീരം മകൻ അരുൺകുമാറിന്‍റെ ബാർട്ടൺ ഹിൽ ജങ്​ഷനി​ലെ ‘വേലിക്കകത്ത്’​ വീട്ടിലെത്തിച്ചത്​. ഇവിടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.

ചൊവ്വാഴ്​ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ വസതിയിലെത്തി. പിന്നാ​ലെ 9.15 ഓടെ ഭൗതിക ശരീരം പൊതുദർശനത്തിനായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു. പലവട്ടം തിരക്കിട്ട്​ പാഞ്ഞ നിരത്തിലൂടെ വി.എസ്​ അവസാനമായി സെക്രട്ടേറിയറ്റിലേ​ക്ക്​. വലിയ ക്രമീകരണങ്ങളാണ്​ ദർബാർ ഹാളിൽ ഒരുക്കിയിരുന്നത്​.

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പ്രകാശ്​ കാരാട്ട്​, വൃന്ദ കാരാട്ട്​, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അടക്കം നേതാക്കൾ ഇവിടെ എത്തിയിരുന്നു. രാഷ്​ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരടക്കം പതിനായിരങ്ങളാണ്​ അന്തിമോപചാരമർപ്പിച്ചത്​.

പുന്നപ്രയിലെ വീട്ടിലാണ്​ ആദ്യമെത്തുക. ബുധനാഴ്‌ച രാവിലെ ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസില്‍ അന്തിമോപചാരം അര്‍പ്പിക്കും. പിന്നാലെ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. ഉച്ചക്ക്‌ മൂന്നിന് വലിയ ചുടുകാട്ടിലാണ്​ സംസ്‌കാരം. അതിനു ശേഷം സർവകക്ഷി അനുശോചന യോഗം ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanCPMKerala NewsLatest News
News Summary - VS Achuthanandan's mourning procession
Next Story