Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദർശത്തിന്റെ വഴിയേ......

ആദർശത്തിന്റെ വഴിയേ... 59 വർഷങ്ങൾ -വൈകാരിക കുറിപ്പുമായി മകൻ

text_fields
bookmark_border
ആദർശത്തിന്റെ വഴിയേ... 59 വർഷങ്ങൾ -വൈകാരിക കുറിപ്പുമായി മകൻ
cancel
camera_alt

വി.എസ്. അരുൺകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

ആലപ്പുഴ: സമരനായകൻ വി.എസ്. അച്യുതാനന്ദന്റെ വിവാഹ വാർഷികദിനത്തിൽ വൈകാരിക കുറിപ്പുമായി മകൻ വി.എസ് അരുൺകുമാർ. അച്ഛൻ ഇന്ന് ഭൗതികമായി ഞങ്ങളുടെ കൂടെയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ മനസ്സ് മടിക്കുകയാണ്. കഴിഞ്ഞവർഷം, നെഞ്ചുരുകുന്ന പ്രാർഥനകളോടെയും വലിയ പ്രതീക്ഷകളോടെയും എസ്.യു.ടി ആശുപത്രിയിലെ ഐ.സി.യു വാതിലിന് മുന്നിൽ അച്ഛന്റെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തുനിന്ന നിമിഷങ്ങൾ ഓർമയിലുണ്ട്. ആ കാത്തിരിപ്പിൽ നെഞ്ചേറ്റിയ വിശ്വാസം ചോർന്നുപോകാതെ ഇന്നും ഉള്ളിൽ സൂക്ഷിക്കുന്നു. അച്ഛൻ നമ്മെ വിട്ടുപോയിട്ടില്ല, ഒരു തണലായി, സ്നേഹത്തിന്റെ കരുത്തായി അദ്ദേഹം എപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് വഴിയാണ് അരുൺ കുമാർ കുറിപ്പ് പങ്കുവെച്ചത്.

അതേസമയം, പുന്നപ്ര-വയലാർ സമരഭടൻമാരുടെ ധീരസ്മരണകൾ ജ്വലിക്കുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിനരികെ സമരനായകനും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് സ്മാരകമുയരും. ഒരു ജനതയുടെ അവകാശത്തിനും അഭിമാനത്തിനുമായി പോർമുഖം തുറന്ന വലിയചുടുകാട്ടിലെ മണ്ണിലാണ് വി.എസിന്‍റെ ഉറ്റ സഖാക്കൾ അന്തിയുറങ്ങുന്നത്. അന്ന് തോക്കിൻമുനയിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹം 102 വയസ്സുവരെ ജീവിച്ചത് ആ സഖാക്കൾക്കുവേണ്ടിയായിരുന്നു. എഴുന്നേറ്റ് നടക്കാൻ പറ്റിയ കാലത്തോളം എവിടെയായിരുന്നാലും തുലാപ്പത്തിന് അദ്ദേഹം ഇവിടെ എത്തിയിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചവർ അന്തിയുറങ്ങുന്ന ഈ മണ്ണിലാണ് വി.എസിന് സ്മാരകം പണിയുന്നത്.

സ്‌മാരകത്തിൽ വി.എസിന്‍റെ ചിത്രവും ചുറ്റുമതിലിൽ അരിവാളും ചുറ്റികയും ദീപശിഖയേന്തിയ കൈയുമുണ്ടാകും. ആർക്കിടെക്ട്‌ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സ്‌മാരകത്തിന്റെ രൂപരേഖ തയാറാക്കി നിർമാണം നടത്തുന്നത്. രക്തസാക്ഷി ഭൂമിയിൽ ഇതുവരെ വ്യക്തിഗതസ്മാരകങ്ങൾ നിർമിച്ചിട്ടില്ല. വി.എസിന്റെ ഒന്നാം ചരമവാർഷികദിനം ആചരിക്കുന്ന ഈ മാസം 21ന് സ്മാരകം തുറക്കും. അനുസ്മരണ ദിനത്തിൽ എത്തുന്നവർക്ക് സ്മാരകത്തിൽ പുഷ്പാർച്ചന നടത്താം. രാവിലെ ഒമ്പതിന് വലിയചുടുകാട്ടിൽ നടക്കുന്ന പുഷ്‌പാർച്ചനയിലും അനുസ്‌മരണത്തിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. വൈകീട്ട്‌ അഞ്ചിന്‌ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

കമ്യൂണിസ്റ്റ് പാർട്ടി ജില്ല സെക്രട്ടറിയായിരുന്നപ്പോൾ 1957ലാണ് വി.എസിന്റെ പേരിൽ ആലപ്പുഴ നഗരസഭയിൽനിന്ന് ഈ ഭൂമി വാങ്ങിയത്. ഇപ്പോഴും അത് വി.എസിന്റെ പേരിൽത്തന്നെ. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റ് മരിച്ചവരെ കൂട്ടത്തോടെ കത്തിച്ചത് വലിയചുടുകാടിലായിരുന്നു. അന്ന് പൊതുശ്മശാനമായ ഭൂമിയുടെ 46 സെന്റാണ് പാർട്ടിക്ക് ലഭിച്ചത്. 1964ൽ പാർട്ടി പിളർന്നപ്പോൾ വലിയചുടുകാടും സ്മാരകപ്രദേശവും പകുത്തു. സോവിയറ്റ് മാതൃകയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നിർമിച്ച സ്മാരകം സി.പി.ഐക്ക് നൽകി. ചതുരമാതൃകയിൽ സി.പി.എം മറ്റൊന്നൊരുക്കുകയും ചെയ്തു. എങ്കിലും പുന്നപ്ര-വയലാർ വാരാചരണം ഇരുപാർട്ടികളും ഒരുമിച്ചാണ് നടത്തുന്നത്.

സി.പി.ഐയുടെയും സി.പി.എമ്മിന്റെയും കൂട്ടുസ്വത്താണ് വലിയചുടുകാട് സ്മാരകം. ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻനായർ, പി.കെ. ചന്ദ്രാനന്ദൻ തുടങ്ങിയ പ്രമുഖർക്കൊന്നും ഇവിടെ പ്രത്യേക സ്മാരകമില്ല. വി.എസിന് മാത്രം സ്മാരകമൊരുക്കുന്നത് ചർച്ചയായിരുന്നു. പിന്നാലെ മുൻമന്ത്രിയും സി.പി.ഐ നേതാവുമായ ടി.വി. തോമസിനും സ്മാരകം നിർമിക്കാൻ സി.പി.ഐ തീരുമാനിച്ചു. ടി.വി. തോമസിന്‍റെ 50ാം ചരമവാർഷികദിനമായ 2027 മാർച്ച് 26ന് മുമ്പ് നിർമാണം പൂർത്തിയാക്കും.

ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് ജൂലൈ 16, ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനമാണ്. 1967-ലെ ഇതേ ജൂലൈ 16-നായിരുന്നു അന്നത്തെ അമ്പലപ്പുഴ എം.എൽ.എ ആയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദനും കോടംതുരുത്തിലെ മഹിളാസംഘടനാ പ്രവർത്തകയായിരുന്ന കെ. വസുമതിയും തമ്മിൽ ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായത്.

ആദർശവും പോരാട്ടങ്ങളും നിറഞ്ഞ ആ ജീവിതയാത്രയുടെ 59-ാം വാർഷികത്തിലേക്ക് കാലമെത്തുമ്പോൾ, അച്ഛൻ ഇന്ന് ഭൗതികമായി ഞങ്ങളുടെ കൂടെയില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ഞങ്ങളുടെ മനസ്സുകൾ ഇപ്പോഴും മടിക്കുകയാണ്.

കഴിഞ്ഞ വർഷം ഇതേ സമയത്ത്, നെഞ്ചുരുകുന്ന പ്രാർത്ഥനകളോടെയും വലിയ പ്രതീക്ഷകളോടെയും എസ്.യു.ടി ആശുപത്രിയിലെ ഐ.സി.യു വാതിലിനു മുന്നിൽ അച്ഛന്റെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തുനിന്ന നിമിഷങ്ങൾ ഇന്നലെയെന്നോണം ഓർമ്മയിലുണ്ട്.

ആ കാത്തിരിപ്പിൽ ഞങ്ങൾ നെഞ്ചേറ്റിയ വിശ്വാസം ഒട്ടും ചോർന്നുപോകാതെ ഇന്നും ഉള്ളിൽ സൂക്ഷിക്കുന്നു. അച്ഛൻ നമ്മെ വിട്ടുപോയിട്ടില്ല; ഒരു തണലായി, സ്നേഹത്തിന്റെ കരുത്തായി അദ്ദേഹം എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്, എക്കാലവും.

ഈ പ്രിയപ്പെട്ട ദിനത്തിൽ, അമ്മയുടെ സ്നേഹത്തണലിൽ നിന്നുകൊണ്ട് അച്ഛന്റെ അനശ്വര സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanWedding AnniversaryEmotional Notefacebookpost
News Summary - VS Achuthanandan's son writes emotional note on his wedding anniversary
Next Story