Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനിയും കെടാതെ വി.എസ്...

ഇനിയും കെടാതെ വി.എസ് എന്ന സമരാഗ്നി; നാളെ വി.എസ് ഓർമയായിട്ട് ഒരു വർഷം തികയുന്നു. വലിയ ചുടുകാട്ടിൽ സ്മാരകമുയരുന്നു

text_fields
bookmark_border
ഇനിയും കെടാതെ വി.എസ് എന്ന സമരാഗ്നി; നാളെ വി.എസ് ഓർമയായിട്ട് ഒരു വർഷം തികയുന്നു. വലിയ ചുടുകാട്ടിൽ സ്മാരകമുയരുന്നു
cancel
camera_alt

പുന്നപ്ര-വയലാർ രക്തസാക്ഷി കുടീരം സ്ഥിതി ചെയ്യുന്ന വലിയ ചുടുകാട്ടിൽ വി.എസിനായി ഉയരുന്ന സ്മാരകത്തിന്‍റെ പണി അവസാനഘട്ടത്തിൽ 

ആലപ്പുഴ: ഒരു നൂറ്റാണ്ടിന്‍റെ സമരതീക്ഷ്ണതയിൽ ഒരു കാലത്തെ മുഴുവൻ ജ്വലിപ്പിച്ച വിപ്ലവനായകൻ രക്തസാക്ഷികൾ ഉറങ്ങുന്ന മണ്ണിൽ എരിഞ്ഞടങ്ങിയിട്ട് നാളെ ഒരു വർഷമാകുന്നു. വി.എസ് എന്ന വാക്കിന് അന്നും ഇന്നും സമരനായകൻ എന്ന ഒറ്റയർഥം. സർ സി.പിയുടെ പട്ടാളത്തിനു മുന്നിൽ നെഞ്ചുവിരിച്ച് മരണമേറ്റുവാങ്ങിയ രക്തസാക്ഷികൾക്കും സമരസഖാക്കൾക്കും നടുവിൽ വി.എസ് അച്യുതാനന്ദന്‍റെ ഓർമകൾ ഇപ്പോഴും മായാതെ നിൽക്കുന്നു.

കഴിഞ്ഞ വർഷം ജൂലൈ 21ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 101ാമത്തെ വയസ്സിൽ വി.എസ് അന്തരിച്ചത്. തിരുവനന്തപുരത്തുനിന്ന് 21ന് ആരംഭിച്ച വിലാപയാത്ര തെരുവോരങ്ങളിൽ രാപ്പകലും മഴയും വെയിലും വകവെക്കാതെ കാത്തുനിന്ന ജനലക്ഷങ്ങൾക്കു മുന്നിലൂടെ ജന്മദേശമായ ആലപ്പുഴയിലെത്തിയത് 23ന് ഉച്ചയോടെയായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും കെടാതെ വി.എസ് പുന്നപ്ര-വയലാർ രക്തസാക്ഷികളും മുൻകാല സഖാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ തീനാളങ്ങളിലേക്ക് മടങ്ങുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.

വി.എസ് ഓർമയായി ഒരു വർഷം പിന്നിടുമ്പോൾ പാർട്ടിയിലും കേരള രാഷ്ട്രീയത്തിലും വൻ അട്ടിമറികളാണുണ്ടായത്. വി.എസ് ഇല്ലാതെ കേരളം നേരിട്ട ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരം നഷ്ടമായി വൻ പരാജയത്തെ അഭിമുഖീകരിച്ചു. കാമ്പയിൻ പോസ്റ്ററിലോ ബാനറിലോ സ്വന്തം നാടായ ആലപ്പുഴയിൽ പോലും വി.എസ് ഉണ്ടായിരുന്നില്ല. പുന്നപ്ര-വയലാർ സമരഭൂമിയും വി.എസിന്‍റെ വീടും കുടികൊള്ളുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ ഒരുകാലത്ത് വി.എസിനൊപ്പമുണ്ടായിരുന്ന ജി. സുധാകരൻ യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ചു.

അപ്പോഴും വി.എസ് കെടാത്ത വികാരമായി നിലകൊള്ളുന്നു എന്നതിന്‍റെ തെളിവാണ് വലിയ ചുടുകാട്ടിൽ അദ്ദേഹത്തെ സംസ്കരിച്ചയിടം കാണാൻ ദിനേന വിദൂരങ്ങളിൽ നിന്നുപോലുമെത്തുന്ന മനുഷ്യർ. വി.എസ് ചരിത്രമായി മാറിയ വലിയ ചുടുകാട്ടിൽ സി.പി.എം നേതൃത്വത്തിൽ വിപുലമായി ‘വി.എസ് ദിനം’ ആചരിക്കുന്നുണ്ട്. വി.എസിനെ സംസ്കരിച്ചിടത്ത് ഉയരുന്ന സ്മാരകത്തിൽ പുഷ്പാർച്ചനയോടെ 21ന് രാവിലെ എട്ടു മണിക്ക് ദിനാചരണം ആരംഭിക്കും. രാവിലെ ഒമ്പതിന് അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷനാകും. ‘കേരളവും ഇടതുപക്ഷ ജീവിതവും’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം വി.എസ് അനുസ്‌മരണ പ്രഭാഷണം നിർവഹിക്കും.

വൈകിട്ട് അഞ്ചിന് റാലിക്കുശേഷം നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏരിയ കേന്ദ്രങ്ങളിൽ റാലികളും അനുസ്മരണ സമ്മേളനങ്ങളും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanmemorialCPMSamaragni
News Summary - The flame of VS's struggle continues unabated; Tomorrow marks one year since VS was remembered. A memorial is being erected in the vast forest.
Next Story