ദീർഘനാളായി വിശ്രമം, 29 ദിവസം ആശുപത്രിവാസം, ഇനി മടക്കമില്ലാത്ത യാത്ര....
text_fieldsതിരുവനന്തപുരം: ദീർഘകാലമായി വീട്ടിൽ വിശ്രമം. ഹൃദയാഘാതത്തെ തുടർന്ന് 29 ദിവസം ആശുപത്രിവാസം. ഇനി മടക്കമില്ലാത്ത യാത്ര. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നതിനപ്പുറം തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായ വി.എസ്. അച്യുതാനന്ദൻ ഒടുവിൽ മരണത്തിന് കീഴടങ്ങുമ്പോൾ 102 വയസ്. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23നാണ് പട്ടത്തെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ആരോഗ്യസ്ഥിതി വഷളായി വെന്റിലേറ്ററിലേക്ക് മാറ്റി. കാർഡിയോളജി വിഭാഗം ഡോ. പ്രവീൺ, ന്യൂറോളജി വിഭാഗം ഡോ. അയ്യപ്പൻ, മെഡിക്കൽ ഐ.സിയുവിലെ ഡോ. ബിജു സി. നായർ, പൾമണോളജി നെഫ്രോളജി വിഭാഗങ്ങളിലെ ഡോക്ടർമാരായ നയന, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അദ്ദേഹത്തെ പരിചരിച്ചത്. 29 ദിവസം നീണ്ട ചികിത്സ.
ഇതിനിടെ പലതവണ ആരോഗ്യസ്ഥിതിയിൽ ചെറിയ മാറ്റങ്ങൾ കണ്ടത് പ്രതീക്ഷ നൽകുന്നതായി വി.എസിന്റെ മകൻ അരുൺകുമാർ സമൂഹ മാധ്യമത്തിൽ കുറിച്ചെങ്കിലും ഇന്നലെ ഉച്ച കഴിഞ്ഞതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി വി.എസ് വിടപറഞ്ഞു.
തിങ്കളാഴ്ച 12 മണിയോടെയാണ് വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായത്. രക്ത സമ്മർദത്തിൽ നേരിയ വ്യതിയാനം ഉണ്ടന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ട് മണിയായപ്പോഴും രക്ത സമ്മർദം കൂടിതന്നെ. അവസ്ഥ മോശമാണെന്ന് ഡോക്ടർമാരുടെ സംഘം ഭാര്യ വസുമതിയെയും മക്കളായ അരുൺകുമാറിനെയും ആശയെയും അറിയിച്ചു. വിവരം അറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ നേതാക്കളും മന്ത്രിമാരും ആശുപത്രിയിൽ എത്തി. ഡോക്ടർമാരുമായി സംസാരിച്ചു. പ്രതീക്ഷയില്ലെന്ന വിവരം ഡോക്ടർമാർ അറിയിച്ചു. തുടർന്ന് 3.30ന് എസ്.യു.ടി മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖരൻ നായർ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ 3.20ന് ദിവംഗതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

