വൃന്ദ ടീച്ചർ 10 മിനിറ്റ് വൈകിയപ്പോൾ രക്ഷപ്പെട്ടത് നിസാറിൻെറ ജീവൻ
text_fieldsഅമ്പലപ്പുഴ: ഒടുവിൽ ആ അജ്ഞാത രക്ഷകയെ കണ്ടെത്തി. മൂന്നുപേർ മരിച്ച കരൂർ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ പൊലീസുകാരനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച അജ്ഞാതയായ സ്ത്രീയെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു രക്ഷാപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുമെല്ലാം കഴിഞ്ഞ മൂന്നുദിവസമായി. ഒട്ടേറെ പേരെ വളയം പിടിക്കാൻ പഠിപ്പിച്ച ഉത്രാടം ഡ്രൈവിങ് സ്കൂളിലെ വൃന്ദ ടീച്ചറാണ് ആ രക്ഷകയെന്ന് ഒടുവിൽ കണ്ടെത്തുകയായിരുന്നു. മന്ത്രി ജി. സുധാകരെൻറ ഡ്രൈവർ വഴിയാണ് അന്വേഷണം വൃന്ദയിലേക്കെത്തിയത്. പരിക്കേറ്റ നിസാറിെൻറ ജീവൻ നിലനിര്ത്താനായതിെൻറ സംതൃപ്തിയിലാണ് ഈ ഡ്രൈവിങ് ടീച്ചര്‍.
വെള്ളിയാഴ്ച പുലര്‍ച്ച 4.15നായിരുന്നു അപകടം. പരിക്കേറ്റ കൊട്ടിയം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബ്ള്‍ കുളപ്പാട് പുത്തന്‍വിളയില്‍ നിസാറിനെയാണ് (43) നിമിഷനേരംകൊണ്ട് വൃന്ദ തെൻറ കാറില്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
വര്‍ഷങ്ങളായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഭിഷേകം കണ്ടുതൊഴുന്ന ഭക്തയാണ് പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ ഉത്രാടം വീട്ടില്‍ വൃന്ദ. സംഭവദിവസം വീട്ടില്‍നിന്ന് ഇറങ്ങാന്‍ 10 മിനിറ്റ് വൈകി. ഇത് ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താൻ നിമിത്തമായതിെൻറ സന്തോഷത്തിലാണ് വൃന്ദ. കരൂര്‍ പുതുവാകത്തറ വീട്ടിൽ ഗിരിജയും ഒന്നിച്ചാണ് പതിവായി ക്ഷേത്രത്തില്‍ പോകുന്നത്. വൃന്ദ എത്തുമ്പോഴേക്കും ഗിരിജ റോഡില്‍ ഇറങ്ങിനില്‍ക്കും.
അന്നും പതിവുപോലെ പോകുമ്പോഴാണ് അപകടം. അബോധാവസ്ഥയില്‍ രക്തംപുരണ്ട ഒരാളെ നാട്ടുകാര്‍ പുറത്തെടുക്കുന്നതാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ കാണുന്നത്. പിന്നെ ഒന്നും നോക്കിയില്ല, കാര്‍ നിര്‍ത്തി പരിക്കേറ്റയാളെയുംകൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് എത്തിച്ചതാണ് നിസാറിെൻറ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. പ്രാഥമിക ചികിത്സക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിസാർ അപകടനില തരണംചെയ്തു. നിസാറിനെ രക്ഷപ്പെടുത്തിയ സ്ത്രീയെക്കുറിച്ച് സഹപ്രവര്‍ത്തകരും അന്വേഷിച്ചുവരുകയായിരുന്നു. 18 വര്‍ഷമായി ഡ്രൈവിങ് സ്കൂള്‍ നടത്തുകയാണ് വൃന്ദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
