സ്ഥാനാർഥി കൃഷ്ണയ്യർ; ബൂത്തിൽ മറിയുമ്മ
text_fieldsമറിയുമ്മ, വി.ആർ.കൃഷ്ണയ്യർ
തലശ്ശേരി: സ്ഥാനാർഥിയായി വി.ആർ. കൃഷ്ണയ്യർ, ബൂത്ത് ഏജൻറായി മറിയുമ്മ. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ, പഴയകാല ഒാർമകളിലും തലശ്ശേരിക്കാരി മാളിയേക്കൽ മറിയുമ്മക്ക് വലിയ ആവേശമാണ്. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ളതാണ് മാളിയേക്കൽ കുടുംബം. ഒാരോ തെരഞ്ഞെടുപ്പുകളിലും മറിയുമ്മയെ തേടി നേതാക്കൾ വീട്ടിലെത്താറുണ്ട്. എന്നാൽ, കോവിഡ് കാലത്ത് ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ കാണാനും വിശേഷങ്ങൾ അറിയാനും നേരിട്ട് സാധിക്കില്ലെന്ന പരിഭവം അവരിലുണ്ട്.
ചിറക്കര സ്കൂളിൽ വി.ആർ. കൃഷ്ണയ്യരുടെ ബൂത്ത് ഏജൻറായ അനുഭവം മറിയുമ്മയുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. എല്ലാവർക്കും അന്ന് വലിയ അത്ഭുതമായിരുന്നു. മുസ്ലിം സ്ത്രീ ബൂത്ത് ഏജ േൻറാ എന്നുചോദിച്ച് ചിലർ നെറ്റിചുളിച്ചു. യാഥാസ്ഥിതികരായ ചിലർ പരിഹസിച്ചു. മറിയുമ്മ പഴയ തെരഞ്ഞെടുപ്പ് കാലം ഒാർമയിൽ ചികഞ്ഞെടുത്തു. ടി.സി. പോക്കൂട്ടിയാണ് കൃഷ്ണയ്യരെയും കൂട്ടി മാളിയേക്കലിൽ വന്നത്. പെണ്ണുങ്ങളും ആണുങ്ങളുമെല്ലാം കൃഷ്ണയ്യർക്ക് വേണ്ടി സജീവമായിറങ്ങി. പടച്ചോനും പള്ളിയും അമ്പലവുമില്ലാത്തോരല്ലേ എന്നുപറഞ്ഞ് ശകാരിച്ചവരും കൂട്ടത്തിലുണ്ട്. ആളുകളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ഇംഗ്ലീഷ് മറിയുമ്മ എന്നാണ് നാട്ടുകാർ മറിയുമ്മക്ക് നൽകിയ വിശേഷണം. സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് മുസ്ലിം കുടുംബത്തിൽനിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയപ്പോഴാണ് മറിയുമ്മക്ക് ഇൗ വിശേഷണം ലഭിച്ചത്. കോൺഗ്രസിലെ കുഞ്ഞിരാമൻ വക്കീൽ മത്സരിച്ച തെരഞ്ഞെടുപ്പിലായിരുന്നു തെൻറ കന്നിവോട്ടെന്ന് 95ാം വയസ്സിലും ഓർമകൾക്ക് മങ്ങലേറ്റിട്ടില്ലാത്ത മറിയുമ്മ പറയുന്നു.
മാളിയേക്കൽ തറവാട്ടിൽ നിന്ന് തലശ്ശേരി നഗരസഭയിലേക്ക് മത്സരിച്ചവരാരും നിരാശരാകേണ്ടി വന്നിട്ടില്ല. ചെയർമാനും വൈസ് ചെയർമാനും നഗരസഭാംഗങ്ങളുമായവരുണ്ട്. ചെയർമാൻ ആമിന മാളിയേക്കൽ, വൈസ് ചെയർമാന്മാരായ ടി.സി. ആബൂട്ടി, നജ്മ ഹാഷിം, കൗൺസിലർമാരായ ഫാത്തിമ മാളി യേക്കൽ, പരേതയായ റംല ബാബു എന്നിവർ മാളിയേക്കലിെൻറ സംഭാവനകളാണ്.