മുസ്‍ലിം സ്ത്രീക്ക് സ്വത്തിൽ തുല്യവകാശം: വി.പി. സുഹറ നിരാഹാര സമരം അവസാനിപ്പിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ ആരംഭിച്ച നിരാഹാര സമരം സാമൂഹികപ്രവർത്തക വി.പി സുഹറ അവസാനിപ്പിച്ചു. അനന്തരസ്വത്തിൽ മുസ്‌ലിം പുരുഷന് തുല്യമായ അവകാശം മുസ്‍ലിം സ്ത്രീക്കും അനുവദിക്കുക, മുസ്‍ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഞായറാഴ്ച രാവിലെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച വി.പി സുഹറയെ, അനുവദിച്ചതിലും കൂടുതൽ സമയം സമരം തുടരാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് അവർ അറിയിച്ചത്.
കേന്ദ്ര ന്യൂനപക്ഷ, വനിത, നിയമ മന്ത്രിമാരെയും പ്രിയങ്ക ഗാന്ധിയേയും കാണാൻ ശ്രമിക്കുമെന്നും അതുവരെ ഡൽഹിയിൽ തുടരുമെന്നും വി.പി. സുഹറ വ്യക്തമാക്കി.
സുഹറയുടെ സമരത്തെ വിമർശിച്ച് എസ്.വൈ.എസ് ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ഹകീം അസ്ഹരി രംഗത്തെത്തിയിരുന്നു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിനിടെ വി.പി സുഹറയുടെ നിരാഹാര സമരത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം തേടുകയായിരുന്നു. സ്വന്തം പിതാവിന്റെ അനന്തരാവകാശം കിട്ടാൻ വി.പി സുഹ്റ നിരാഹാരമിരിക്കുന്നത് എന്തിനാണ്? -എന്ന ചോദ്യമായിരുന്നു മറുപടി. പൊതുവിഷയമെന്ന നിലക്കാണ് സമരം നടത്തുന്നത് എന്നാണ് സുഹറ പറയുന്നതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, പൊതുവിഷയം അവരല്ലല്ലോ പറയേണ്ടത്, എന്ത് സാമൂഹിക പ്രവർത്തനമാണിത് -എന്നും അസ്ഹരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

