എസ്.ഐ.ആർ വെട്ടിയ മണ്ഡലങ്ങളിലും പോളിങ് കുതിപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പോളിങ് ശതമാനത്തിലെ വർധനവിന് കാരണം എസ്.ഐ.ആറിനെ തുടർന്ന് വോട്ടർ പട്ടികയിലുണ്ടായ കുറവാണെന്ന വാദത്തെ അപ്രസക്തമാക്കി കണക്കുകൾ. എസ്.ഐ.ആറിന് ശേഷം വോട്ടർമാരുടെ എണ്ണം കൂടുകയും കുറയുകയും ചെയ്ത മണ്ഡലങ്ങളിൽ ഒരു പോലെ പോളിങ് ഉയർന്നുവെന്ന് കണക്കുകൾ അടിവരയിടുന്നു. വെള്ളിയാഴ്ച വൈകീട്ട് നാല് വരെയുള്ള തെരഞ്ഞെടുപ്പ് കമീഷൻ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 80 ശതമാനത്തിന് മുകളിൽ പോളിങ് നടന്നത് 44 മണ്ഡലങ്ങളിലാണ്. ഇതിൽ എസ്.ഐ.ആറിന് മുമ്പുള്ള പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 21 മണ്ഡലങ്ങളിലാണ് വോട്ടർമാരുടെ എണ്ണം വർധിച്ചത്. ശേഷിക്കുന്ന 23 മണ്ഡലങ്ങൾ എസ്.ഐ.ആറിന് ശേഷം വോട്ടർമാരുടെ എണ്ണം കുറഞ്ഞവയാണ്. എസ്.ഐ.ആറിനപ്പുറം കടുത്ത മത്സരമോ അല്ലെങ്കിൽ രാഷ്ട്രീയ തരംഗമോ ആണ് ഇത്തരമൊരു വോട്ടുയരലിന് കാരണമെന്നാണ് വിലയിരുത്തുന്നത്.
കോഴിക്കോട്ടെ കുന്ദമംഗലം (84.83) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ടിങ് നടന്നത് പാലക്കാട് ജില്ലയിലെ ചിറ്റൂരിലും (84.63) എറണാകുളത്തെ കുന്നത്തുനാടുമാണ് (84.09). ഈ രണ്ടിടങ്ങളിലും പഴയ പട്ടികയെ അപേക്ഷിച്ച് എസ്.ഐ.ആറിൽ വോട്ടർമാരുടെ എണ്ണം കുറയുകയാണ് ചെയ്തത്. ചിറ്റൂരിൽ 1,87,494 -ൽ നിന്ന് 1,72,015 ആയാണ് കുറഞ്ഞത്. കുന്നത്തുനാട്ടിൽ 1,89,881 ൽ നിന്ന് 1,88,291 ലേക്കും.
എസ്.ഐ.ആറിന് ശേഷം ഏറ്റവും കൂടുതൽ വോട്ടർമാർ കുറഞ്ഞ ജില്ല തലസ്ഥാനമാണ്. 14 മണ്ഡലങ്ങളിലും വോട്ടർമാർ കുറഞ്ഞ ഇവിടെ ആകെ വ്യത്യാസം 3,03,333 ആണ്. അതേസമയം ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, തിരുവനന്തപുരം എന്നിവ മാറ്റിനിർത്തിയാൽ 10 ഇടത്തും വോട്ടിങ് ശതമാനം 75 ന് മുകളിലാണ്. ഇതിൽ തന്നെ ശക്തമായ ത്രികോണപ്പോര് നടന്ന നേമത്തും കാട്ടാക്കടയിലും 80 ശതമാനത്തിന് മുകളിലും. വോട്ടർമാരുടെ എണ്ണം 2,07,434 ൽ നിന്ന് 1,71,178 ആയി കുറഞ്ഞ (കുറവ് 36,256) നേമത്ത് 80.62 ശതമാനമാണ് പോളിങ്. ജില്ലയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പോളിങ്ങാണിവിടെ. ഒന്നാമതുള്ള കാട്ടാക്കടയിൽ (80.72) 1,94,259 പേരിൽ നിന്ന് 17,165 പേരുടെ കുറവിൽ 1,77,094 വോട്ടർമാരാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. സംസ്ഥാനത്ത് 75 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയ 47 മണ്ഡലങ്ങളിൽ 45 ലും എസ്.ഐ.ആറിന് മുമ്പുള്ള പട്ടികയെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണം കൂടിയവയാണ്. എന്നാൽ എസ്.ഐ.ആറിന് ശേഷം വോട്ടർമാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ 93 നിയമസഭാ മണ്ഡലങ്ങളിൽ 73 മണ്ഡലങ്ങളിലും 75 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

