എൽ.ഡി.എഫിന് വോട്ടുചെയ്യുമ്പോൾ ബി.ജെ.പി സ്ഥാനാർഥിയുടെ ലൈറ്റ് തെളിയുന്നു; പൂവച്ചലിൽ പോളിങ് നിർത്തിവെച്ചു
text_fieldsകാട്ടാക്കട (തിരുവനന്തപുരം): എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യുമ്പോൾ ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായി പരാതി. സംസ്ഥാനത്ത് ഒന്നാംഘട്ട പോളിങ് നടക്കുന്ന തിരുവനന്തപുരം പൂവച്ചൽ ഗ്രാമ പഞ്ചായത്ത് മുതിയാവിള വാർഡ് സെന്റ് ആൽബർട്ട് എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം.
ജില്ലാപഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യുമ്പോഴാണ് മെഷീനിലെ ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യുന്നത്. ഇതേതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ പോളിങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റ് സി. സുരേഷ് പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകി. നിലവിൽ എത്ര വോട്ടുകൾ ചെയ്തുവെന്നും പരിഹരിക്കാൻ എന്തുനടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
നേരത്തെ പത്തനംതിട്ട നിരണം പഞ്ചായത്തിലെ ഇരതോട് 28ാം നമ്പർ ബൂത്തിലും പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തിയിലും യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകിയിരുന്നു. പെരിങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആലംതുരുത്തി തെക്കുംഭാഗത്തെ ആലന്തുരുത്തി സ്കൂളിലെ ബൂത്തിലെ യന്ത്രമാണ് തകരാറിലായത്. ഏറെ നേരത്തിന് ശേഷം യന്ത്രതകരാർ പരിഹരിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

