അതിഥി വോട്ടുകൾ: കരുതലോടെ പാർട്ടികൾ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് വിവാദം ദേശീയ രാഷ്ട്രീയത്തിൽ മുറുകവെ അതിഥി തൊഴിലാളികൾ വലിയതോതിൽ വോട്ടർമാരാകാനുള്ള സാധ്യത സൂക്ഷ്മമായി വിലയിരുത്തി കേരള രാഷ്ട്രീയം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന ബിഹാറിലെ വോട്ടർപട്ടിക തീവ്രപരിശോധനയുടെ (എസ്.ഐ.ആർ) തുടർച്ചയായി വരാനിടയുള്ള മാറ്റം എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
ബിഹാറിൽനിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടി പോയവർ അവർ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിലപാട് കേരളത്തിൽ ഇതിനകം ചർച്ചയായിട്ടുണ്ട്. ബിഹാർ, അസം, ഒഡിഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വലിയതോതിൽ കേരളത്തിൽ പണിയെടുക്കുന്നുണ്ട്. ഇവർ ഇവിടെ വോട്ടർമാരായാൽ അത് കേരളത്തിലെ നിലവിലെ ‘വോട്ടിങ് ട്രെന്റ്’ മാറ്റിമറിക്കും. സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരം സർക്കാറിന്റെ പക്കലില്ല.
വിവിധ തൊഴിൽ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്. കൃത്യമായ വിവരശേഖരണം സാധ്യമായിട്ടില്ലെന്ന് സർക്കാർ ഏജൻസികൾ തന്നെ സമ്മതിക്കുന്നു.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ ഇൻഷുറൻസ് പദ്ധതി എന്ന പേരിൽ ‘ആവാസ്’ പദ്ധതി പ്രഖ്യാപിച്ചത്. 5,13,359 തൊഴിലാളികളാണ് അന്ന് ആവാസിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ, പദ്ധതി ലക്ഷ്യം കണ്ടില്ല. ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ തൊഴിലാളികൾ മടിക്കുകയായിരുന്നു. തൊഴിൽചെയ്ത് ധനസമ്പാദനം നടത്തുക എന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ് ഇതര സംസ്ഥാന തൊഴിലാളികളിൽ ഏറെയും.
കേരളത്തിൽ എത്തി വിവിധ തൊഴിലിടങ്ങളും താമസ സ്ഥലങ്ങളും മാറിക്കൊണ്ടിരിക്കുന്നവരും ഏറെ. ഈ സാഹചര്യത്തിൽ അതിഥി തൊഴിലാളികളിൽ എത്രപേർ വോട്ടർപട്ടികയിൽ പേര് ചേർത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുമെന്ന ചോദ്യവും ഉയരുന്നു.
സ്വന്തം സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ സ്വാഭാവികമായും ഇവരിൽ വലിയൊരു ശതമാനവും ഇവിടെ വോട്ടർമാരാകാൻ ശ്രമിക്കുമെന്ന വിലയിരുത്തലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

