തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കാം, തിങ്കളാഴ്ച മുതൽ പേര് ചേർക്കാം, അന്തിമ പട്ടിക ഒക്ടോബർ 25ന്
text_fieldsതിരുവനന്തപുരം: എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. തിങ്കളാഴ്ച മുതൽ പേര് ചേർക്കാം. അന്തിമ പട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും. 2025 സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയാണ് കരടായി പ്രസിദ്ധീകരിക്കുന്നത്.
ഇത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനക്ക് ലഭിക്കും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഒക്ടോബർ 14 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. തിരുത്തലുകൾക്കും ഒഴിവാക്കലുകൾക്കും അപേക്ഷ നൽകാം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കാനും (ഫോറം 4), തിരുത്താനും (ഫോറം 6), സ്ഥാനമാറ്റം വരുത്താനും (ഫോറം 7) sec.kerala.gov.inൽ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടിസ് ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.
വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത്, പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകളിലും ആക്ഷേപങ്ങളിലും സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ല ജോ. ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

