വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പ്രസിദ്ധീകരിച്ചു; 17 വയസ്സ് പൂർത്തിയായവർക്ക് മുൻകൂറായി അപേക്ഷ സമർപ്പിക്കാം
text_fieldsതിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി കരട് പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) വിവരങ്ങൾ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകളിലും, വില്ലേജ് ഓഫിസുകളിലും, ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും ലഭിക്കും.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫിസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം. പുതുക്കിയ കരട് വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടർമാരാണുള്ളത്. 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,73,65,345 വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്.
കരട് വോട്ടർ പട്ടികയിലെ പ്രധാന വിവരങ്ങൾ:
ആകെ വോട്ടർമാർ- 2,71,62,290
സ്ത്രീ വോട്ടർമാർ- 1,40,15,361
പുരുഷ വോട്ടർമാർ- 1,31,46,670
പുതിയ വോട്ടർമാർ - 1,10,646
പുതുക്കിയ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്തെ ലിംഗ അനുപാതം - 1066
ആകെ ഭിന്നലിംഗ വോട്ടർമാർ- 259
കൂടുതൽ വോട്ടർമാരുള്ള ജില്ല -മലപ്പുറം (32,56,814)
കുറവ് വോട്ടർമാരുള്ള ജില്ല- വയനാട് (6,16,980)
കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല- മലപ്പുറം(16,32,347)
കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല -തിരുവനന്തപുരം (57)
ആകെ പ്രവാസി വോട്ടർമാർ- 88,124
പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല -കോഴിക്കോട് (34,726)
പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ- 1,10,646
പുതുക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 25,147 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്.
നവംമ്പർ ഒമ്പത് മുതൽ ഡിസെബർ എട്ട് വരെ അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം. ഓരോ സമ്മതിദായകനും, വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം.
താഴെ പറഞ്ഞ ഏത് ഫോമും ഇതിനായി ഉപയോഗിക്കാം.
ഫോം ആറ് - പുതിയതാതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
ഫോം ആറ് എ - പ്രവാസി വോട്ടർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
ഫോം ആറ് ബി - ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്
ഫോം ഏഴ് - വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന്
ഫോം എട്ട് - തെറ്റു തിരുത്തുന്നതിന് , മേൽവിലാസം മാറ്റുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന് , ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്
17 വയസ്സ് പൂർത്തിയായവർക്ക് ഇത്തവണ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.
2023 ജനുവരി ഒന്ന്, യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

