Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടർ സൗഹൃദ പോളിങ്...

വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

text_fields
bookmark_border
വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
cancel

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിങ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ സർക്കുലർ പുറപ്പെടുവിച്ചു.

വോട്ടർമാർക്ക് പോളിങ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗനിർദേശം നൽകുന്നതിന് ശരിയായ അടയാളങ്ങൾ പോളിങ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങൾ സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഉചിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്നതുമായിരിക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.

പോളിങ് സ്റ്റേഷനുകൾ കൂടുതലും സ്‌കൂളുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടങ്ങളുടെ ചുവരുകളിൽ ചിത്രങ്ങളും ഭൂപടങ്ങളും വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇത് നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. മുൻ തിരഞ്ഞെടുപ്പുകളിൽ ക്ലാസ് മുറികളിലെ ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചത് സംബന്ധിച്ചു പരാതികൾ ലഭിക്കുകയും നിയമ നടപടികളിലേക്കു നീങ്ങിയ സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാൽ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണം.

ചിത്രങ്ങൾ നശിപ്പിക്കുകയോ ചുവരുകളിൽ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തിൽ ആവണം പോളിങ് സ്റ്റേഷനുകളിൽ അറിയിപ്പുകൾ പതിക്കേണ്ടത്. പോളിങ് ബൂത്തുകളിലെ ഫർണീച്ചറുകൾ ഒരു തരത്തിലും നശിപ്പിക്കുവാൻ പാടില്ല. പോളിങ് കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകൾ അടച്ചുവെന്നും ചുവരുകളിൽ പതിച്ച അറിയിപ്പുകൾ നീക്കം ചെയ്തുവെന്നും ഉറപ്പാക്കണം.

പോളിങ് സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്തുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പാക്കണം. ഓരോ പോളിങ് ലൊക്കേഷനിലും പുരുഷന്മാർക്കും സ്ത്രീകൾക്കും മതിയായ എണ്ണം ശൗചാലയങ്ങൾ ഉണ്ടായിരിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ലഭ്യമല്ലെങ്കിൽ താൽക്കാലിക ക്രമീകരണം നടത്തണം. നാലിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന പോളിങ് ലൊക്കേഷനുകളിൽ വോട്ടർമാരെ അനുഗമിക്കുന്ന കുട്ടികൾക്കായി ക്രെഷിനുള്ള ക്രമീകരണം ഏർപ്പെടുത്തുകയും കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ആയയെ അല്ലെങ്കിൽ സന്നദ്ധപ്രവർത്തകയെ നിയോഗിക്കുകയും വേണം.

മുതിർന്ന സമ്മതിദായകർക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടർമാർക്കും ക്യൂവിൽ നിൽക്കാതെ പോളിങ് സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് മുൻഗണന ലഭിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പോളിങ് സ്റ്റേഷനിൽ ലഭ്യമാകുന്നുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസർമാർ ഉറപ്പാക്കണം. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകണം.

സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിങ് സ്റ്റേഷനുകളിൽ താത്കാലിക റാംപുകൾ സ്ഥാപിക്കണം. ഭിന്നശേഷി വോട്ടർമാർക്ക് ആവശ്യമായ വീൽ ചെയറുകൾ പോളിങ് സ്റ്റേഷനുകളിൽ ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് ക്രമീകരണം നടത്തണം. ഭിന്നശേഷി വോട്ടർമാർക്കും ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും ഓരോ പോളിങ് സ്റ്റേഷനിലും മതിയായ കസേരകൾ, ബഞ്ചുകൾ നൽകണം.

സംസ്ഥാനത്തെ എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം ഉറപ്പക്കേണ്ടതും വരി നിൽക്കുന്നിടത്ത് വെയിൽ ഏൽക്കാതെ നിൽക്കുവാനുള്ള സൗകര്യം ഒരുക്കുകയും വേണം. ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിങ് സ്റ്റേഷനിൽ നിർബന്ധമായും ലഭ്യമാക്കണം. എല്ലാ പോളിങ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യണം.

കഴിയുന്നിടത്തോളം പോളിങ് സ്റ്റേഷനിലെ പ്രധാന കവാടത്തിന് അടുത്ത് തന്നെ വോട്ടർ അസിസ്റ്റൻസ് ബൂത്ത് ക്രമീകരിക്കണം. നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിങ് സ്റ്റേഷനുകൾ, പോളിങ് ലൊക്കേഷനുകളിലെ പോളിങ് സ്റ്റേഷനുകളുടെ പട്ടിക തയാറാക്കണം. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവർത്തകരെ ഏർപ്പാടാക്കുക, ടോക്കണുകൾ വിതരണം ചെയ്യുക മുതലായ തിരക്ക് കുറക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuidelinesLok Sabha Elections 2024
News Summary - Voter Friendly Polling Stations: Guidelines issued
Next Story