വീണ്ടും ചർച്ചയായി തൃശൂരിലെ ‘വോട്ട് ചോരി’: സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വോട്ടിനെ ചൊല്ലി വിവാദം
text_fieldsതൃശൂർ: തൃശൂരിലെ ‘വോട്ട് ചോരി’ വീണ്ടും ചർച്ചയാക്കി സുരേഷ് ഗോപിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട്. 2024 ഏപ്രിൽ 26ന് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ 2025 ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് വോട്ട് ചെയ്തതാണ് ചർച്ചയാകുന്നത്.
തൃശൂർക്കാരനാണെന്ന് പറഞ്ഞ സുരേഷ് ഗോപി എങ്ങനെ തിരുവനന്തപുരത്ത് വോട്ട് ചെയ്തുവെന്ന ചോദ്യമാണ് യു.ഡി.എഫും എൽ.ഡി.എഫും ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ മറുപടി പറയണമെന്ന ആവശ്യവും ഇരുമുന്നണികളും ഉന്നയിക്കുന്നുണ്ട്.
2024ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് തൃശൂരിൽ വോട്ട് ചേർത്ത പലരും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിലേക്ക് മാറിയതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് തൃശൂരിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ബോധപൂർവം മറ്റിടങ്ങളിൽ നിന്ന് വോട്ട് ചേർത്തുവെന്ന ആരോപണം വീണ്ടും ശക്തമാകുന്നത്. 2024ൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും രണ്ടു മുന്നണികളും നേരത്തേതന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയുടെ വോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ മറുപടി പറയണമെന്ന് സി.പി.ഐ സ്ഥാനാർഥിയായിരുന്ന മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരേഷ് ഗോപിയും തെരഞ്ഞെടുപ്പ് കമീഷനും മറുപടി പറയണം -വി.എസ്. സുനിൽ കുമാർ
തൃശൂർ: 2024ൽ തൃശൂരിൽ സ്ഥിരതാമസക്കാരനാണെന്ന് പറഞ്ഞ് വോട്ട് ചേർത്ത സുരേഷ് ഗോപിയും കുടുംബവും ഇപ്പോൾ തിരുവനന്തപുരത്ത് എങ്ങനെയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷനിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാരനാണെന്ന് പറഞ്ഞാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചേർത്തത്. ഇപ്പോൾ തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലത്ത് വോട്ട് ചെയ്യുകയും ചെയ്തു.
ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷനും സുരേഷ് ഗോപിയും മറുപടി പറയണമെന്ന് വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

