ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ വോട്ട് അഭ്യർഥന;പുതുമയുമായി ബാലകൃഷ്ണന് പെരിയ
text_fieldsയു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ ക്യു.ആർ കോഡുള്ള വോട്ട് അഭ്യർഥന
ഉദുമ: തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ റേഡിയോ അവതാരകനാണ് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ.
അതുകൊണ്ടുതന്നെ, വോട്ട് അഭ്യർഥനയിലും അദ്ദേഹത്തിന് പുതുമയുണ്ട്. വോട്ട് അഭ്യർഥനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യു.ആര് കോഡ് സ്കാന്‍ ചെയ്താല്‍ ബാലകൃഷ്ണന് പെരിയയുടെ ശബ്ദത്തിലുള്ള അഭ്യർഥന കേള്‍ക്കാം.
ബാലേട്ടന് എന്ന പേരില്‍ ആകാശവാണിയില്‍ രണ്ടു പതിറ്റാണ്ടോളം പരിപാടികള്‍ അവതരിപ്പിച്ച ബാലകൃഷ്ണന് പെരിയയുടെ ശബ്ദം സുപരിചിതമാണ്. അത് വോട്ടാക്കി മാറ്റുകയാണ് യു.ഡി.എഫ് ലക്ഷ്യം.
ജന്മനാടിനോടുള്ള വൈകാരിക ബന്ധവും ഉദുമയെക്കുറിച്ചുള്ള സ്വപ്നങ്ങളും പങ്കവെക്കുന്ന ശബ്ദാഭ്യർഥന ഇതിനകം തന്നെ ജനം ഏറ്റെടുത്തു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും തരംഗമാണ് ഈ ശബ്ദാഭ്യർഥന. യു.എ.ഇയിലെ റേഡിയോ സ്റ്റേഷനില്‍ വാര്‍ത്ത അവതാരകനായി തുടങ്ങിയ റേഡിയോ ജീവിതം ഇപ്പോഴും തുടരുന്നുണ്ട് ബാലകൃഷ്ണന് പെരിയ.
12,000 ത്തിലധികം പുതിയ വോട്ടർമാരും നല്ലൊരു ശതമാനം യുവ വോട്ടർമാരുമുള്ള ഉദുമയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടൊപ്പം അത് വ്യത്യസ്തരീതിയിലുള്ള മുന്നേറ്റം കൈവരിക്കാനാകും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.