തൃശൂരിലും തിരുവനന്തപുരത്തും വോട്ട്; സുരേഷ് ഗോപിക്കെതിരെ വി.എസ് സുനിൽകുമാർ, 'നിയമത്തിന്റെ നഗ്മമായ ലംഘനം, തെരഞ്ഞെടുപ്പ് കമീഷൻ മറുപടി പറയണം'
text_fieldsതൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഗുരുതരമായ ആരോപണവുമായി സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാർ. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടിടത്ത് വോട്ട് ചെയ്ത സുരേഷ് ഗോപിയും ഇതെങ്ങനെ സംഭവിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷനും മറുപടി പറയണമെന്ന് സുനില്‍കുമാർ ആവശ്യപ്പെട്ടു.
നെട്ടിശേരിയിൽ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരിൽ വോട്ട് ചെയ്തത്. ഇപ്പോൾ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കണമെന്നും സുനിൽകുമാർ പറഞ്ഞു.
'സുരേഷ് ഗോപി തൃശൂരിലേക്ക് വന്നപ്പോൾ കുറേ വോട്ടർമാരേയും കൊണ്ടാണ് വന്നത്. തെരഞ്ഞെടുപ്പ് ജനപ്രാതിനിത്യ നിയമത്തിന്റെ റൂൾ അനുസരിച്ച് ഓർഡിനറി റെസിഡൻസിനെ സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമായ ഉത്തരവിറക്കിയിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പറന്നുനടക്കുന്നവരെ ഓർഡിനറി റെസിഡൻസിൽ ഉൾപ്പെടുത്താനാവില്ല. സ്ഥിരമായി താമസിക്കണമെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തത വരുത്തിയതാണ്. രാജ്യത്തെ നിയമപ്രകാരം അസംബ്ലിയിൽ ഒരു വ്യക്തിക്ക് മത്സരിക്കണമെങ്കിൽ കേരളത്തിൽ എവിടെ വോട്ടറായ ആൾക്കും മത്സരിക്കാം.
പഞ്ചായത്തിൽ വോട്ടറായ വ്യക്തി ആ പഞ്ചായത്തിലെ ഏത് വാർഡിലും മത്സരിക്കാം. പാർലമെന്റിലാണെങ്കിൽ ഇന്ത്യയിലെ എവിടെ വോട്ടറായ വ്യക്തിക്കും മത്സരിക്കാൻ കഴിയും. എന്നാൽ, സ്ഥാനാർഥി വോട്ട് ചെയ്യേണ്ടത് സ്വന്തം മണ്ഡലത്തിലായിരിക്കണം. തൃശൂരിൽ നിന്ന് സുരേഷ് ഗോപി താമസം മാറിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് തൃശൂരിലെ വോട്ടുകൾ വെട്ടണമായിരുന്നു. ഇദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണ്. യാതൊരു മറയുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ മറുപടി പറയട്ടേ'-സുനിൽ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

