വി ഫോര്‍ പട്ടാമ്പി നേതാവ് ടി.പി. ഷാജി വീണ്ടും കോൺഗ്രസിൽ; പട്ടാമ്പി നഗരസഭയും മണ്ഡലവും തിരിച്ചു പിടിക്കുമെന്ന് സണ്ണി ജോസഫ്
text_fieldsവോട്ട് ഫോർ പട്ടാമ്പി നേതാവ് ടി.പി. ഷാജിയെ സണ്ണി ജോസഫ് സ്വീകരിക്കുന്നു
തിരുവനന്തപുരം: പട്ടാമ്പി നഗരസഭ വൈസ് ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി.പി. ഷാജിയും പ്രവർത്തകരും കോൺഗ്രസിൽ മടങ്ങിയെത്തി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ടി.പി. ഷാജിയെയും പ്രവർത്തകരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.
വി ഫോര്‍ പട്ടാമ്പി കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നും ഇപ്പോൾ പുനർ ഗൃഹപ്രവേശനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വി ഫോര്‍ പട്ടാമ്പി ജനപിന്തുണയുള്ള മൂവ്മെന്‍റായിരുന്നു. ടി.പി. ഷാജിയുടെ തിരിച്ചുവരവ് പട്ടാമ്പി നഗരസഭയും നിയമസഭ മണ്ഡലവും തിരിച്ചു പിടിക്കാൻ സഹായിക്കും. എൽ.ഡി.എഫിൽ നിന്നും ബി.ജെ.പിയിൽ നിന്നും കൂടുതൽ പേർ യു.ഡി.എഫിലേക്ക് വരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വി ഫോര്‍ പട്ടാമ്പി ഇല്ലാതായെന്നും മുഴുവൻ പ്രവർത്തകരും കോൺഗ്രസിൽ ചേരാൻ തയാറായെന്നും ടി.പി. ഷാജിയും വ്യക്തമാക്കി.
സീറ്റ് തർക്കത്തെ തുടർന്നാണ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഒരു കൂട്ടം ആളുകൾ വി ഫോര്‍ പട്ടാമ്പി എന്ന സംഘടന രൂപീകരിച്ചത്. പിന്നാലെ എൽ.ഡി.എഫിന് പിന്തുണ നൽകിയതോടെ വർഷങ്ങൾക്ക് ശേഷം നഗരസഭ ഭരണം ഇടതുപക്ഷം പിടിച്ചു.
ഇടതുപക്ഷത്തിന് 10 സീറ്റുകളാണ് നഗരസഭയിലുള്ളത്. വി ഫോര്‍ പട്ടാമ്പിക്ക് ആറ് കൗൺസിലർമാരുണ്ട്. ഇതിൽ ഷാജി മാത്രമാണ് കോൺഗ്രസിൽ ചേർന്നത്. മറ്റ് അഞ്ച് കൗൺസിലർമാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. പട്ടാമ്പി നഗരസഭ ആരു ഭരിക്കുമെന്ന് തീരുമാനിക്കാൻ കരുത്തുള്ള സംഘടനയാണ് വി ഫോര്‍ പട്ടാമ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

