ചളി നീക്കി പ്രതീക്ഷ വീണ്ടെടുക്കാൻ നാട്; വെള്ളമിറങ്ങിയതോടെ ശുചീകരണത്തിന് സന്നദ്ധപ്രവർത്തകർ
text_fieldsമടവൂരിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട വൈറ്റ് ഗാർഡ് പ്രവർത്തകർ
കൊടുവള്ളി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്ക് ശമനമായതോടെ കൊടുവള്ളി മേഖലയിലെ പ്രളയക്കെടുതിക്ക് നേരിയ ആശ്വാസം. കരകവിഞ്ഞൊഴുകിയിരുന്ന പൂനൂർ പുഴയും ചെറുപുഴയും വിവിധ തോടുകളും ജലനിരപ്പ് താഴ്ന്നതോടെ സ്വാഭാവിക ഒഴുക്കിലേക്ക് മടങ്ങിത്തുടങ്ങി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം പൂർണമായും ഇറങ്ങുകയും ദുരിതബാധിതർക്ക് ആശ്വാസമാകുകയും ചെയ്തു.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. റോഡുകൾ മുങ്ങുകയും കൃഷിയിടങ്ങൾ വ്യാപകമായി നശിക്കുകയും ചെയ്തിരുന്നു. മഴ കുറഞ്ഞതോടെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് തീരദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.
ചെളി നിറഞ്ഞ അകത്തളങ്ങൾ, തകർന്ന വീട്ടുപകരണങ്ങൾ, ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങൾ, നശിച്ച വ്യാപാരസാധനങ്ങൾ എന്നിവയാണ് പല സ്ഥലങ്ങളിലും കാണുന്നത്. എല്ലാം പഴയ നിലയിലാകാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് ദുരിതബാധിതർ പറയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മടവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈറ്റ് ഗാർഡ് പ്രവർത്തകർ ശുചീകരണത്തിന് നേതൃത്വം നൽകി.
ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്ന കുടുംബങ്ങൾ ക്യാമ്പുകൾ അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അതേസമയം, കിണറുകളിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനാൽ ശുദ്ധജലക്ഷാമവും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

