സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ മന്ത്രിമാർ സംസാരിക്കുന്നത്; വി.എൻ വാസവൻ രാജിവെക്കണം -വി.ഡി സതീശൻ
text_fieldsവി.ഡി സതീശൻ
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, എക്സൈസ് മന്ത്രി എം.ബി രാജേഷ് എന്നിവർ സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.ഡി സതീശൻ. സ്വർണക്കൊള്ളയിലേക്ക് സോണിയ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത് സംബന്ധിച്ചാണ് വി.ഡി സതീശന്റെ പ്രതികരണം. 2019ൽസ്വർണക്കൊള്ള നടന്നുവെന്ന് വ്യക്തമായിട്ടും 2024ലും 2025ലും അതിനുള്ള ശ്രമങ്ങൾ നടന്നു. ദേവസ്വംമന്ത്രി വി.എൻ വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്തിനും ഇതിൽ പങ്കുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
പോറ്റിയുമായി ഫോട്ടോയെടുത്ത എല്ലാവരേയും കേസിൽ പ്രതികളാക്കണമെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയെ കേസിൽ പ്രതിയാക്കണമെന്ന് ഞങ്ങൾ പറയില്ല. മുഖ്യമന്ത്രിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ഞങ്ങൾ പറയില്ല. എന്നാൽ, ഇതിൽ പ്രതികളായവരെ സംരക്ഷിച്ചതിൽ അദ്ദേഹത്തിന് പങ്കെുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പോറ്റിയേ പാട്ടുമായി പ്രതിപക്ഷം; സോണിയക്കെതിരെ വിമർശനം ഉന്നയിച്ച് ഭരണപക്ഷം, സ്വർണക്കൊള്ളയിൽ സഭയിൽ ബഹളം
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബഹളത്തിൽ മുങ്ങി. ചരമോപചാരത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നിയമസഭയിൽ സ്വർണക്കൊള്ള ഉയർത്തിയത്. ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും അതിനാൽ സഭാനടപടികളുമായി സഹകരിക്കാൻ നിർവാഹമില്ലെന്നും വി.ഡി സതീശൻ സ്പീക്കറെ അറിയിച്ചു. തുടർന്ന് സ്വർണക്കൊള്ളക്കെതിരായ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി.
ഇതിനൊപ്പം പോറ്റിയെ കേറ്റിയെ പാട്ട് കൂടി പ്രതിപക്ഷം പാടിയതോടെ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരായി. പോറ്റിയും സോണിയ ഗാന്ധിയും ഒപ്പമുള്ള ചിത്രങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചാണ് ഭരണപക്ഷം പ്രതിരോധം ഉയർത്തിയത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടത് നേതാക്കൾ ഇത് ഒരു വിഷയമായി ഉയർത്തികൊണ്ട് വന്നു.
പ്രതിപക്ഷം റൂൾ 15 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാത്തതിലായിരുന്നു എക്സൈസ് മന്ത്രി എം.ബി രാജേഷ് വിമർശനം ഉന്നയിച്ചത്. ഭീരുത്വം കൊണ്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകാതിരുന്നതെന്നും സ്വർണക്കൊള്ളയിലെ ചർച്ചയെ അവർ ഭയക്കുകയാണെന്നും എം.ബി രാജേഷ് ആരോപിച്ചു. അസംബന്ധനാടകമാണ് നിയമസഭയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സോണിയക്കെതിരെ ഭരണപക്ഷ ബെഞ്ചുകളിൽ നിന്ന് മുദ്രവാക്യം ഉയർന്നുവെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

