അന്ധവിശ്വാസവും ലഹരി ഉപയോഗവും തുടച്ചുനീക്കാൻ ബോധവത്കരണം തുടരണമെന്ന് വി.എൻ വാസവൻ
text_fieldsതിരുവനന്തപുരം : സമൂഹത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ നിരന്തരമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി വി.എൻ വാസവൻ. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന ആശയപ്രചാരണ- ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് പോലുള്ള ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ലഹരി വിതരണ ശൃംഖലളിൽ കണ്ണികളാകുകയും ചെയ്യുന്നത് ദൂരവ്യാപകമായ ഭവിഷത്തുകൾക്ക് വഴിവെക്കും. നിയമം കൊണ്ട് നിയന്ത്രിക്കുന്നതിനൊപ്പം നിരന്തരമായ അവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ മാത്രമേ ശാശ്വതമായ ഫലം ലഭിക്കൂ.
നല്ല ആശയങ്ങളിലൂടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം കലാരൂപങ്ങളാണ്. കലാകാരൻമാർ ഉൾപ്പെടെ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ സാധിക്കുന്ന വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയ ബോധവത്ക്കരണവും പ്രചാരണവും കാര്യക്ഷമമായ രീതിയിൽ നടത്തും.
പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും സമൂഹത്തെ ബാധിച്ച വൈകൃതങ്ങളിൽ ഒന്നാണ്. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും പുതുതലമുറയെ നേർവഴിയിലൂടെ നയിക്കാനും സാധിക്കുന്നതാകും ആശയപ്രചാരണ - ബോധവത്കരണ പരിപാടിയെന്നും മന്ത്രി വ്യക്തമാക്കി.
പരിപാടിയിൽ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട സാമൂഹ്യ വിപത്തുകൾക്കെതിരെ വേദിയിൽ കവിത ചൊല്ലി. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷകുമാർ വിശിഷ്ടാഥിതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

