‘ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി ഉരുട്ടിയിട്ടതല്ലല്ലോ?; വിമാനാപകടമുണ്ടായാൽ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ?’; പരിഹാസവുമായി മന്ത്രി വാസവൻ
text_fieldsകോട്ടയം: കോട്ടയം മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്നുവീണ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി വി.എൻ. വാസവൻ. തകർന്ന കെട്ടിടം മന്ത്രി ഒരുട്ടിയിട്ടതാണോ എന്ന് മന്ത്രി വാസവൻ പരിഹാസത്തോടെ ചോദിച്ചു.
ഒരപകടമുണ്ടായാൽ ഉടൻ മന്ത്രി രാജിവെക്കമെന്നാണ് വാദമെങ്കിൽ വിമാനാപകടമുണ്ടായാൽ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വാസവൻ ചൂണ്ടിക്കാട്ടി.
ബംഗളൂരുവിൽ ക്രിക്കറ്റ് താരങ്ങൾക്കായി നടത്തിയ സ്വീകരണ പരിപാടി 11 പേരുടെ മരണത്തിനിടയാക്കി. ആ പരിപാടി സംഘടിപ്പിച്ച ഏതെങ്കിലും മന്ത്രി രാജിവെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടോ? അഹമ്മദാബാദിൽ വിമാനപകടം ഉണ്ടായി, ഉടൻ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ പറയുന്നത്? ഒരു വാഹനാപകടം ഉണ്ടായാൽ ഉടൻ ഗതാഗത മന്ത്രി രാജിവെക്കണോ ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയനീക്കമാണെന്നും മന്ത്രി വാസവൻ കുറ്റപ്പെടുത്തി.
ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ. കെട്ടിടത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് അപകടം മുന്നില്‍ക്കണ്ട് അത് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ കാലേക്കൂട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതിന് മുമ്പ് അപകടം സംഭവിച്ചു. ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമാണ്, വേദനാജനകമാണ്. അതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്. അതിന്റെ പരിഹാരം കാണണം. അതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് - മന്ത്രി വാസവൻ വ്യക്തമാക്കി.
അപകടത്തില്‍ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിനുള്ള ധനസഹായം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി വാസവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

