വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; വിശദീകരണവുമായി വി.എൻ. വാസവൻ
text_fieldsകോട്ടയം: പാലാ ബിഷപ് പണ്ഡിതനാണെന്നും പ്രശ്നം സൃഷ്ടിക്കുന്നത് തീവ്രവാദികളാണെന്നുമുള്ള പരാമർശം വിവാദമായിരിക്കെ, വിശദീകരണവുമായി മന്ത്രി വി.എൻ. വാസവൻ. മാർ ജോസഫ് കല്ലറങ്ങാട്ടുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നു. ബിഷപ് നടത്തിയ പരാമർശവുമായി ഇതിന് ബന്ധമൊന്നുമില്ല. എന്നാൽ, ചിലർ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പുസ്‌തകങ്ങളും വായനയുമായിരുന്നു ഞങ്ങളുടെ ചർച്ചവിഷയം. നിരവധി പുസ്‌തകങ്ങളെക്കുറിച്ച് സംസാരിച്ചു. ഖുർആനും രാമായണവുമെല്ലാം അദ്ദേഹം വായിക്കാറുണ്ടെന്ന് പറഞ്ഞു. ഇതെക്കുറിച്ചാണ് ഞാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതുതായി ഉണ്ടായ വിവാദങ്ങൾ സംബന്ധിച്ച് ഒരു പ്രതികരണവും നടത്താൻ ഉദ്ദേശിച്ചിരുന്നില്ല.
ബിഷപ്പിെൻറ പരാമർശം സംബന്ധിച്ചും ചർച്ചയുണ്ടായിരുന്നില്ല. നേരത്തേ ആശുപത്രി വാർഷികച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും തിരുവനന്തപുരത്തായതിനാൽ പോകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് സമയം കിട്ടിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടത്. പാസ്‌റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. സിറിയക് തോമസും ഒപ്പമുണ്ടായിരുന്നു.
പക്ഷേ ചില കോണുകളിൽനിന്ന് അതിനെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇപ്പോൾ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നവർ ആരോപിക്കുന്ന തരത്തിലുള്ള ഒരു കാര്യവും മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞിട്ടില്ലെന്ന് അത് കണ്ടവർക്കറിയാം. മതനിരപേക്ഷതയിൽ അടിയുറച്ചതാണ് ഇടതുപക്ഷ സർക്കാർ. ആ നിലപാടിൽ തന്നെ മുന്നോട്ടു പോകും. തീവ്രവാദം നടത്തുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിർക്കപ്പെടണമെന്നതാണ് സർക്കാർ നിലപാടെന്നും വി.എൻ. വാസവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

