ശബരിമല സ്വർണപ്പാളി: കള്ളൻമാരെ ജയിലിലാക്കണം, ആറാഴ്ചക്കുള്ളിൽ എല്ലാം പുറത്തുവരും -വി.എൻ. വാസവൻ
text_fieldsകോട്ടയം: ശബരിമല സ്വർണപ്പാളി തട്ടിപ്പിൽ എല്ലാം പുറത്തുവരണമെന്നാണ് സർക്കാറിന്‍റെ നിലപാടെന്ന് മന്ത്രി വി.എൻ. വാസവൻ. ആറാഴ്ചക്കുള്ളിൽ മുഴുവൻ കാര്യങ്ങളും പുറത്തുവരുമെന്നും കള്ളന്മാരെ പിടിച്ച് ജയിലിലാക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
വിജിലൻസ് കൊടുത്ത റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പത്തുപേരെ പ്രതി ചേര്‍ത്താണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. അതിൽ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയായിട്ടാണ് ഇന്നലെ മാധ്യമങ്ങളിൽ കണ്ടത്. അന്വേഷണം നടക്കട്ടെ. ആറാഴ്ചക്കകം റിപ്പോർട്ട് കൊടുക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ആറാഴ്ചക്കുള്ളിൽ മുഴുവൻ കാര്യങ്ങളും പുറത്തുവരും. അന്നേരം നമുക്ക് ഇക്കാര്യത്തെക്കുറിച്ച് വിശദമായി സംസാരിക്കാം. എല്ലാം പുറത്തുവരണമെന്നാണ് സർക്കാറിന്‍റെ നിലപാട് -മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
സർക്കാറിന്‍റെ നിലപാടും കോടതിയുടെ നിലപാടും ഒന്നുതന്നെയാണ്. സുതാര്യമായ അന്വേഷണം നടത്തി എന്താണോ നടന്നത് അത് കൃത്യമായി പുറത്തുവരണം. അവിടുന്ന് ഒരു തരി പൊന്ന് കൊണ്ടുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊണ്ടുവെക്കണം. കള്ളന്മാരെ പിടിച്ച് ജയിലിലുമാക്കണം. ഇതാണ് നമ്മുടെ നിലപാട്. അത് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേവസ്വം മന്ത്രി രാജിവെക്കണം -വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഢാലോചനയും വ്യക്തമാക്കുന്നതാണ് എഫ്.ഐ.ആറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിയുകയും സര്‍ക്കാറും സി.പി.എം നേതാക്കളും സംശയനിഴലിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാറിനും ദേവസ്വം വകുപ്പിനും കഴിയില്ല. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവെക്കണം -വി.ഡി. സതീശൻ പറഞ്ഞു.
വീണ്ടും തട്ടിപ്പ് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. നിലവില്‍ കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസിലാണ് സി.പി.എം നേതാവും 2019ൽ ദേവസ്വം പ്രസിഡന്റുമായ എ. പത്മകുമാറിനെയും ബോര്‍ഡ് അംഗങ്ങളെയും പ്രതി ചേര്‍ത്തത്. ദ്വാരപാലക ശില്‍പങ്ങൾ കോടീശ്വരന് വിറ്റ കേസിലും ഇവര്‍ സ്വാഭാവികമായി പ്രതികളാകേണ്ടവരാണ്. എന്തുകൊണ്ടാണ് ആ കേസില്‍നിന്ന് ഇവരെ ഒഴിവാക്കിയതെന്ന് വ്യക്തമല്ല. സ്വര്‍ണക്കൊള്ളയിൽ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്ക് അന്വേഷിക്കണം. സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025ല്‍ വീണ്ടും വിളിച്ചുവരുത്തി സ്വര്‍ണപ്പാളി കൊടുത്തുവിട്ടതിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. 2019ലെ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കിയതുപോലെ നിലവിലെ ബോര്‍ഡിനെയും പ്രതിയാക്കി കേസെടുക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

