2020ലെ വോട്ടർപട്ടികയിലും വി.എം. വിനുവിന്റെ പേരില്ല; വോട്ടില്ലാത്ത സ്ഥാനാർഥിയെ വെച്ചാണോ കോൺഗ്രസ് വോട്ട്പിടിക്കുന്നതെന്ന് സി.പി.എം
text_fieldsകോഴിക്കോട്: കോർപറേഷനിലെ യു.എഡി.എഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനുവിന്റെ പേര് 2020ലെ വോട്ടർപട്ടികയിലും ഇല്ല. ഇതോടെ വോട്ടർപട്ടികയിൽ നിന്ന് വിനുവിന്റെ പേര് മനഃപൂർവം വെട്ടിയതാണെന്ന കോൺഗ്രസിന്റെ വാദം പൊളിയുകയാണ്. എന്നാൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വി.എം. വിനുവും കോൺഗ്രസും. കോർപറേഷനിലെ എട്ടാം ഡിവിഷനിൽ നാലാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തതെന്നും വിനു പറയുന്നു. കോൺഗ്രസ് കൗൺസിലർമാരടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്.
20 കൊല്ലമായി കോഴിക്കോട് താമസിക്കുകയാണെന്നും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം എറണാകുളത്തേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വോട്ട് രേഖപ്പെടുത്തി എന്നുമാണ് വിനു പറയുന്നത്. സ്ഥലത്തെ കൗൺസിലറായ രാജേഷും ഇത് സ്ഥിരീകരിച്ചു. തിരക്ക് കുറവായതിനാൽ വിനു രാവിലെയാണ് വോട്ട് ചെയ്തത് എന്നാണ് കൗൺസിലർ പറയുന്നത്. മലാപ്പറമ്പ് ഡിവിഷനില്‍ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്.
എന്നാൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വി.എം. വിനുവിന് വോട്ടില്ല എന്നാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബിന്റെ ആരോപണം. വിനു കള്ളവോട്ട് ചെയ്തതാണോ എന്ന് പറയാനാകില്ലെന്നും സി.പി.എം അല്ല വിനുവിന്റെ വോട്ട് പരിശോധിക്കേണ്ടത് എന്നും മെഹബൂബ് വ്യക്തമാക്കി. വോട്ടില്ലാത്ത മേയർ സ്ഥാനാർഥിയെ വെച്ചാണോ കോൺഗ്രസ് വോട്ട് പിടിക്കാൻ ഇറങ്ങിയത് എന്നും മെഹബൂബ് ചോദിച്ചു.
അതേസമയം, വോട്ടർ പട്ടിക പരിശോധിക്കാതെയാണോ സ്ഥാനാർഥിയെ തീരുമാനിച്ചത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോൺഗ്രസ് മറുപടി നൽകിയിട്ടില്ല.
കല്ലായി ഡിവിഷനില്‍ വി.എം വിനു പ്രചാരണം തുടങ്ങിയിരുന്നു. പിന്നീടാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം ശ്രദ്ധയിൽ പെട്ടത്. പുതിയ പട്ടികയിലാണ് വി.എം വിനുവിന് പേരില്ലാത്തത്.
യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് സർപ്രൈസ് സ്ഥാനാർഥിയായാണ് കോൺഗ്രസ് വി.എം വിനുവിന്റെ പേര് പ്രഖ്യാപിച്ചത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി യു.ഡി.എഫ് തീരുമാനിച്ചിരുന്നത്. റോഡ് ഷോയോടെ ഗംഭീരമായാണ് ഇന്നലെ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി.എം വിനുവിന്റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
കോർപറേഷനിലെ 49 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് രണ്ടാം ഘട്ടത്തിലെ 15 സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിൽ ആയി 37 സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 12 ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കും.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് പാറോപ്പടിയിൽ നിന്ന് ജനവിധി തേടും. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈശാഖ് കല്ല്യാട്ട് എരഞ്ഞിക്കലിൽ മത്സരിക്കും. നിലവിലെ കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ഇത് വരെയുള്ള സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ലീഗ് 25 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ഇതിൽ 23 പേരെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇനി രണ്ട് പേരെ കൂടി പ്രഖ്യാപിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

