കോഴിക്കോട് കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി വി.എം വിനു മത്സരിച്ചേക്കും
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഭരണം പിടിച്ചടക്കാൻ സര്‍പ്രൈസ് മേയര്‍ സ്ഥാനാർഥിയുമായി കോണ്‍ഗ്രസ്. സംവിധായകൻ വി.എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർഥിയാക്കി മത്സരിപ്പിക്കാനാണ് നീക്കം. വി.എം വിനുവിനെ പാറോപ്പടി ഡിവിഷനിലോ ചേവായൂർ ഡിവിഷനിലോ മത്സരിപ്പിക്കാനാണ് നീക്കം. വി.എം വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും സംസാരിച്ചു. തുടര്‍ന്നാണ് മത്സരിക്കാൻ വി.എം വിനു സന്നദ്ധത അറിയിച്ചത്.
നേതാക്കളുമായുള്ള ചർച്ചക്ക് മുമ്പായി മത്സരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനമായിട്ടില്ലെന്നുമായിരുന്നു വിനുവിന്റെ പ്രതികരണം. എന്നാൽ ചർച്ചകൾക്കൊടുവിലാണ് വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതിൽ അന്തിമ തീരുമാനമായത് എന്നാണ് സൂചന.
49 സീറ്റിലാണ് കോണ്‍ഗ്രസ് കോഴിക്കോട് കോര്‍പറേഷനിൽ മത്സരിക്കുന്നത്. ഇതിൽ 23 സ്ഥാനാര്‍ത്ഥികളെയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക.
നിഷ്പക്ഷ വോട്ടര്‍മാരെകൂടി ലക്ഷ്യമിട്ടാണ് വി.എം വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചുകൊണ്ട് കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ദീര്‍ഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിലാണ് വി.എം വിനുവിനെ മത്സരിപ്പിക്കുന്നത്.
പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനാണ് വിനു. പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്ന വിനു പിന്നീട് സിനിമയിലെത്തി. ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം 15ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
അതേസമയം കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ വരുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജനങ്ങള്‍ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചു. ഒരു സ്ഥാനാര്‍ത്ഥിയെയും തങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. വാര്‍ഡുകളിലെ പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അയച്ചു.അതില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്താതെ, അതേസമയം മറ്റു ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം യു.ഡി.എഫ് തരംഗം അലയടിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് മിന്നുന്ന ജയം നേടും. കോണ്‍ഗ്രസിന് നല്ല മേയര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

