കോൺഗ്രസിൽ നേരത്തേ രണ്ട് ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോഴത് അഞ്ചായെന്ന് വി.എം. സുധീരൻ, യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ഗുണകരമല്ലെന്ന്
text_fieldsകോട്ടയം: കോൺഗ്രസിൽ നേരത്തേ രണ്ട് ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോഴത് അഞ്ചായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കോൺഗ്രസിലെ ഗ്രൂപ്പിസം കുറഞ്ഞെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നിലപാട് തള്ളിയ പ്രതികരണമാണ് സുധീരനിൽ നിന്നുണ്ടായത്.
കോൺഗ്രസിലുണ്ടായിരുന്ന ഗ്രൂപ് ഒഴിവാക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച ആളാണ് താൻ. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോൾ സ്വാഗതം ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ഗുണകരമല്ലെന്ന് തെരഞ്ഞെടുക്കപ്പെട്ട കാലത്തുതന്നെ പറഞ്ഞിട്ടുണ്ട്. മെംബർഷിപ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. യൂനിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് പണ്ട് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ഡൽഹിയിൽനിന്ന് നോമിനേറ്റ് ചെയ്യുകയാണ്. അത് ശരിയല്ലെന്നും സുധീരൻ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഓഫിസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതിന് അടിസ്ഥാനം ഭരണസംവിധാനത്തിന്‍റെ കാര്യക്ഷമതയില്ലായ്മയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അർപ്പിതമായ ചുമതല നേരാംവണ്ണം നിർവഹിച്ചിരുന്നെങ്കിൽ ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകില്ല. നവകേരള സദസ്സ് ഒരു പാഴ്വേലയാണ്.
പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പ്രചാരണം മാത്രമാണത്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. സർ സി.പി അനുവർത്തിച്ച അടിച്ചമർത്തൽ ശൈലിയാണ് ഇപ്പോൾ നടക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി കമ്യൂണിസം കൈവിട്ട് ഫാഷിസം ശൈലിയായി അംഗീകരിക്കുന്ന അവസ്ഥയിലായെന്നും സുധീരൻ കൂട്ടിച്ചേർത്തു.