Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടപ്പള്ളിയെ...

തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കിയത് പിണറായി സര്‍ക്കാറിന്‍റെ ഹിഡന്‍ അജണ്ട -വി.എം. സുധീരന്‍

text_fields
bookmark_border
vm sudheeran
cancel

കോഴിക്കോട്: പിണറായി സര്‍ക്കാറിന്‍റെ കാപട്യവും ഇരട്ട മുഖവും ഹിഡന്‍ അജണ്ടയും ജനവഞ്ചനയും വ്യക്തമാക്കുന്നതാണ് തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കിയ നടപടിയെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരന്‍. പൊതുമേഖലാ സ്ഥാപനത്തിന്‍റെ പേരിലും കുട്ടനാട്ടിലെ പ്രളയജലം പുറത്തേക്കൊഴുക്കുന്നതിന് സൗകര്യപ്പെടുമെന്ന ആശയത്തിന്‍റെ മറയിലുമാണ് ഇപ്പോള്‍ നടന്നു വരുന്ന കള്ളക്കളികള്‍. തീരദേശത്തെ സര്‍വ്വ നാശത്തിലേക്കെത്തിക്കുന്ന ജനദ്രോഹപരമായിട്ടുള്ള കരിമണല്‍ ഖനന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാറിന്‍റെ ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും വി.എം. സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പിണറായി സര്‍ക്കാരിന്‍റെ കാപട്യവും ഇരട്ട മുഖവും ഹിഡന്‍ അജണ്ടയും ജനവഞ്ചനയും പകല്‍ വെളിച്ചം പോലെ വ്യക്തമാക്കുന്നതാണ് തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കിയ നടപടികള്‍. നിരന്തരമായ കടലാക്രമണങ്ങളും പ്രകൃതിക്ഷോഭ കെടുതികളും അനുഭവിച്ചു വരുന്ന തീരദേശ ജനത ഒറ്റക്കെട്ടായി സ്വീകരിച്ചിട്ടുള്ള നിലപാടാണ് പൊതുമേഖല, സ്വകാര്യമേഖല, സംയുക്ത മേഖല തുടങ്ങി ഒരു തലത്തിലും കരിമണല്‍ ഖനനം പാടില്ലെന്നത്. ഈ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് 2003 ജൂണ്‍ 16ന് വലിയഴീക്കല്‍ മുതല്‍ ആലപ്പുഴ വരെയുള്ള തീരത്ത് പതിനായിരങ്ങള്‍ 'മനുഷ്യ കോട്ടയി'ല്‍ അണിചേര്‍ന്നതും തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ നല്‍കിയ ഖനനാനുമതി റദ്ദാക്കപ്പെട്ടതും.
ഇതിലെല്ലാം സജീവ പങ്കാളികളായ സിപിഎം നേതൃത്വം ഇപ്പോള്‍ മലക്കം മറിഞ്ഞ് മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി തങ്ങള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെക്കൊണ്ട് തീരദേശ ജനതയുടെ വികാരത്തിന് വിരുദ്ധമായി കരിമണല്‍ ഖനനവുമായി തോട്ടപ്പള്ളിയില്‍ മുന്നോട്ടുപോകുകയാണ്. പൊതുമേഖലാ സ്ഥാപനത്തിന്‍റെ പേരിലും കുട്ടനാട്ടിലെ പ്രളയജലം പുറത്തേക്കൊഴുക്കുന്നതിന് സൗകര്യപ്പെടുമെന്ന ആശയത്തിന്റെ മറയിലുമാണ് ഇപ്പോള്‍ നടന്നു വരുന്ന കള്ളക്കളികള്‍.
തോട്ടപ്പള്ളിയില്‍ കരിമണല്‍ഖനനത്തിന് വേണ്ടി സര്‍ക്കാര്‍ പറയുന്ന വാദത്തിന്റെ പൊള്ളത്തരം ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകും. തോട്ടപ്പള്ളി സ്പില്‍വേയിലേക്ക് നോക്കിയാല്‍ മതി. കുട്ടനാട്ടിലേക്കെത്തുന്ന പ്രളയജലം കടലിലേക്കൊഴുക്കുന്നതിനുള്ള സുപ്രധാന ജലനിര്‍ഗമന മാര്‍ഗ്ഗമായ തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ട് എത്രയോ നാളുകളായി. ആകെയുള്ള 40 ഷട്ടറുകളുടെയും കോര്‍ണര്‍ ആംഗിളുകള്‍ തകരാറിലാണ്. 12 ഷട്ടറുകള്‍ ക്രെയിന്‍ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്.
അടുത്ത കാലത്ത് സ്പില്‍വേയുടെ ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നു വീണത് മൂലമുണ്ടായ ഗുരുതരമായ സ്ഥിതിവിശേഷം തുടരുകയാണ്. തുരുമ്പെടുത്ത് ദ്രവിച്ച ഷട്ടറുകളുടെ വിടവിലൂടെയും അടിയില്‍ കൂടിയും ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്ക് കയറുന്ന ആപല്‍ക്കരമായ അവസ്ഥയാണുള്ളത്. വേലിയേറ്റ സമയത്ത് ഓരുവെള്ളം പാടശേഖരങ്ങളില്‍ കയറുന്ന ഈ സ്ഥിതി വിശേഷം കുട്ടനാടിന് തന്നെ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്.
തോട്ടപ്പള്ളി സ്പില്‍വേയുടെ അറ്റകുറ്റപ്പണികള്‍ പോലും നേരെ ചൊവ്വേ ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ സര്‍ക്കാരാണ് സ്പില്‍വേയുടെ ആപല്‍ക്കരമായ അവസ്ഥ കണ്ടില്ലെന്നു നടിച്ചുകൊണ്ട് കരിമണല്‍ ഖനനം എന്ന ഏക ' രക്ഷാമാര്‍ഗ്ഗം' സ്വീകരിച്ചിട്ടുള്ളത്. മുന്‍കാല പഠനറിപ്പോര്‍ട്ടുകള്‍ കുട്ടനാടിന്റെ രക്ഷക്ക് വേണ്ടി നിര്‍ദേശിച്ച കാര്യങ്ങളൊക്കെ അവഗണിച്ച സര്‍ക്കാരാണ് ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കിക്കൊണ്ട് കരിമണല്‍ ഖനനവുമായി മുന്നോട്ടുപോകുന്നത്. ഇത് കടുത്ത ജനവഞ്ചനയാണ്.
തന്നെയുമല്ല മഹാ വിപത്തായ കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച സര്‍വ്വ പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ടും വന്‍ പൊലീസ് സേനയെ വിന്യസിച്ചു കൊണ്ടും പ്രതിഷേധിക്കുന്ന സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രൂരമായ മര്‍ദ്ദനമഴിച്ചു വിട്ടിരിക്കുകയാണ്. കരിമണല്‍ ഖനനത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ യാതൊരു പഠനവും നടത്താതെ ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അതിക്രമങ്ങള്‍ ലക്കും ലഗാനുമില്ലാതെ മുന്നോട്ടുപോകുന്ന പ്രാകൃതമായ രീതിയാണ് പ്രകടമാകുന്നത്. സമാധാനപരമായി പ്രതിഷേധിച്ച സമരസമിതി വൈസ് ചെയര്‍മാനും റിട്ടയേഡ് ഡെപ്യൂട്ടി തഹസില്‍ദാരുമായ ഭദ്രനുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രൂരമായ അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും തന്നെ ഈ 'സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസം' അംഗീകരിക്കാനാകില്ല.
സര്‍ക്കാരിന്‍റെ തെറ്റായ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് തുടര്‍ സമരം നടത്തിയ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗമായ എം.ലിജു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്തതും പ്രതിഷേധാര്‍ഹമാണ്. കാലഹരണപ്പെട്ട സ്വേഛാധികാര ശക്തികളുടെ അടിച്ചമര്‍ത്തല്‍ ശൈലിയുമായി പിണറായി സര്‍ക്കാര്‍ ഇപ്രകാരം മുന്നോട്ടുപോകുന്നത് കേരളത്തിന് അപമാനകരമാണ്.
പൊതുമേഖലയുടെ പേരില്‍ നൂറുകണക്കിന് വാഹനങ്ങളിലായി ദിനംപ്രതി കടത്തുന്ന കരിമണല്‍ സ്വകാര്യ കരിമണല്‍ കമ്പനികളിലേക്ക് കള്ളക്കടത്തിലൂടെ എത്തുന്നതായി ശക്തമായ ആക്ഷേപമുണ്ട്. തോട്ടപ്പള്ളിയിലെ പരീക്ഷണം മറ്റു തലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സ്വകാര്യകമ്പനികളെ രംഗപ്രവേശം ചെയ്യിപ്പിക്കുവാനുമുള്ള 'ഹിഡന്‍ അജണ്ട'യാണ് സര്‍ക്കാരിനുള്ളത്. ഇത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
വിനാശം വിതയ്ക്കുന്ന കോവിഡ് ഭീതിയില്‍ ജനങ്ങള്‍ ആശങ്കാകുലരായി കഴിയുമ്പോള്‍ ആ സന്ദര്‍ഭം മുതലെടുത്ത് കരിമണല്‍ ലോബിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാരിന്‍റെ ഈ കള്ളക്കളികളെല്ലാം. ഇനിയെങ്കിലും തീരദേശത്തെ സര്‍വ്വ നാശത്തിലേക്കെത്തിക്കുന്ന ജനദ്രോഹപരമായിട്ടുള്ള കരിമണല്‍ ഖനന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് എന്‍റെ അഭ്യര്‍ത്ഥന. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്‍റെ ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും. തീര്‍ച്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VM SudheeranBlack Sand MiningThottappally Black Sand
News Summary - VM Sudheeran React to Thottappally Black Sand Mining Issues
Next Story