വി.എം. സുധീരന്‍റെ ആരോപണം തള്ളി പിണറായി വിജയൻ; കരിമണൽ ഖനനത്തിന് സ്വകാര്യ മേഖലക്ക് അവസരമൊരുക്കി നൽകിയത് യു.ഡി.എഫ് സർക്കാർ
text_fieldsതിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ മേഖലക്ക് അവസരമൊരുക്കിയത് എൽ.എഡി.എഫ് സര്‍ക്കാരാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍റെ ആരോപണം തള്ളി പിണറായി വിജയൻ. സ്വകാര്യമേഖലക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസാണ്. 10 വര്‍ഷം കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽ.ഡി.എഫ് സര്‍ക്കാർ സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതുമേഖലയിൽ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴിയെന്ന എൽ.ഡി.എഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യവത്കരണനീക്കത്തിനുള്ള ശ്രമമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽ.ഡി.എഫ് സർക്കാറാണെന്ന ശ്രീ. വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. നിലവിലെ യു.ഡി.എഫ് സർക്കാറിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിച്ചവേളയിലാണ് വസ്തുതകൾക്ക് നിരക്കാത്ത ഇങ്ങനെയൊരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടായത്.
സ്വകാര്യ മേഖലയ്‌ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാറായിരുന്നു. ഇതിനെ പിൻപറ്റി 2001-06 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി-ഉമ്മൻ ചാണ്ടി സർക്കാറുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവത്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അതെല്ലാം അവഗണിച്ച് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്.
എന്നാൽ, 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണൽ കമ്പനികൾക്ക് ഹൈകോടതിയെ സമീപിക്കേണ്ട നിലയുണ്ടായി.
പിന്നീട് 2011ൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ ഈ കേസ് മനഃപൂർവം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ കാരണം വിചാരിച്ച രീതിയിൽ സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാറിന് സാധിച്ചില്ല.
2016 ൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നൽകാതിരിക്കുകയും ചെയ്തു. 2023 ൽ കേന്ദ്ര സർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറായിരുന്നു. കേരളത്തിന്റെ ഔദ്യോഗികമായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാറിന് പിന്നീട് ആ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്.
കഴിഞ്ഞ 10 വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. പൊതുമേഖല അധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെയാണ് അവസാനത്തെ എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു വെച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസർക്കാറിന്റെ പാതയിൽ സ്വകാര്യവത്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റിൽ യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ എന്ന ബജറ്റ് നിർദ്ദേശം കരിമണൽ ലോബിയുടെ താൽപര്യമാണ് എന്നു വ്യക്തമാണ്.
എക്കാലവും കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചത് യു.ഡി.എഫ് സർക്കാറുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാർഥ്യമാണ്. ഈ വിഷയത്തിൽ യു.ഡി.എഫ് സർക്കാറുകൾക്കെതിരെ മുമ്പ് ശ്രീ സുധീരൻ തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സർക്കാറിനെ വിമർശിച്ചതിനെ ബാലൻസു ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ശ്രീ വി.എം. സുധീരനിൽ നിന്നുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

