പിറന്നാളാഘോഷത്തിനിടെ തുറന്നടിച്ച് സുധീരൻ; ‘അന്ന് രണ്ട് ഗ്രൂപ്പെങ്കിൽ ഇപ്പോൾ അഞ്ച്’
text_fieldsതൃശൂർ: പിറന്നാളാഘോഷത്തിനിടെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് വി.എം. സുധീരൻ. താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇപ്പോൾ ഗ്രൂപ്പുകൾ അഞ്ചായെന്ന് സുധീരൻ വിമർശിച്ചു. തൃശൂർ ഡി.സി.സി ഓഫിസിലായിരുന്നു 75 ാം പിറന്നാളാഘോഷം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ ഇടവും വലവും ഇരിക്കെയായിരുന്നു സുധീരന്റെ കടുത്ത ആക്രമണം. പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്ത കെ. സുധാകരൻ, വി.എം. സുധീരൻ പാർട്ടി സംഘടന രംഗത്ത് സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരാമർശിച്ചായിരുന്നു സുധീരന്റെ പ്രസംഗം.
കെ.പി.സി.സി പ്രസിഡന്റ് പദവി രാജിവെക്കാനുണ്ടായ അന്നത്തെ സാഹചര്യത്തെ ഇതാദ്യമായിട്ടാണ് സുധീരൻ വിശദീകരിക്കുന്നത്. 2016ലെ സ്ഥാനാർഥി നിർണയത്തിലെ വിയോജിപ്പാണ് താൻ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കാനുള്ള കാരണം. അന്ന് അത് പുറത്ത് പറഞ്ഞില്ലെന്നേ ഉള്ളൂ. താൻ അന്ന് രാജിവെക്കാനുണ്ടായ കാരണത്തിലൊരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല.
അന്ന് രണ്ട് ഗ്രൂപ്പെങ്കിൽ ഇപ്പോഴത് അഞ്ച് ആയി. ഇതിന് മാറ്റം വരണം. താൻ സ്ഥാനങ്ങൾക്കോ പദവികൾക്കോ വേണ്ടി ആരോടും ചോദിച്ചിട്ടില്ല. തനിക്ക് ലഭിച്ചതെല്ലാം പാർട്ടി നൽകിയതാണ്. പദവികളുണ്ടായാലും ഇല്ലെങ്കിലും താൻ കോൺഗ്രസുകാരനായിരിക്കുമെന്ന പരോക്ഷ ‘കുത്തും’ നൽകിയാണ് സുധീരൻ പ്രസംഗം അവസാനിപ്പിച്ചത്.