വാക്കുകൾ ഉപയോഗിച്ചതിൽ തെറ്റ് പറ്റി; ക്ഷമാപണവുമായി വ്ലോഗർ നിസാം
text_fieldsമലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം ചെയ്തതിൽ മാപ്പ് ചോദിച്ച് വ്ലോഗർ നിസാം. വാക്കുകൾ ഉപയോഗിച്ചതിൽ തെറ്റ് പറ്റി, ആർക്കെങ്കിലും വേദനിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇനി തെറ്റ് ആവർത്തിക്കില്ലെന്നും നിസാം പറഞ്ഞു. വീഡിയോയിലൂടെയായിരുന്നു ക്ഷമാപണം.
കൈരളി ന്യൂസ് കാമറമാൻ ജയേഷിനെതിരെ പറയാൻ പാടില്ലാത്ത വാക്ക് ഉപയോഗിച്ചെന്നും ആ സമയത്ത് സംഭവിച്ച് പോയ തെറ്റാണെന്നും അദ്ദേഹത്തോടും കുടുംബത്തോടും പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
പാണക്കാട് മണ്ണിടിച്ചിലിനിടെ പരിക്കേറ്റ കൈരളി ന്യൂസ് കാമറമാനെ അവിടെതന്നെ മണ്ണിട്ട് മൂടണമെന്നും റിപ്പോർട്ട് ചെയ്യാനെത്തിയവരെ ആക്രമിക്കണമെന്നുമായിരുന്നു നിസാം സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്തത്. ഇതിനെതിരെ മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ പരാതി നൽകിയിരുന്നു. മണ്ണിടിച്ചിലിൽ ചെളിയിലകപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത മാധ്യമപ്രവർത്തകന്‍റെ ദൃശ്യം കാണിച്ചായിരുന്നു അധിക്ഷേപം.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ദുരന്തമുഖത്ത് സ്വന്തം ജീവൻ പണയം വെച്ച് പ്രതികൂല സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്നും കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

