Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലിക്കളി വൈകൃതമെന്ന പരാമർശം: ഖേദവുമായി വി.കെ. ശ്രീരാമൻ; ‘ഈ കലാരൂപം കുറേക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവട്ടെ’

text_fields
bookmark_border
പുലിക്കളി വൈകൃതമെന്ന പരാമർശം: ഖേദവുമായി വി.കെ. ശ്രീരാമൻ; ‘ഈ കലാരൂപം കുറേക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവട്ടെ’
cancel

തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് താൻ നടത്തിയ അഭിപ്രായപ്രകടനത്തിൽ ഖേദം രേഖപ്പെടുത്തി നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ. പുലികളിയെക്കുറിച്ചുള്ള തന്റെ പോസ്റ്റിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നുവന്നതായി അദ്ദേഹം പറഞ്ഞു. തുടർന്ന് പഴയപോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

‘പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ്

സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം’ എന്നായിരുന്നു ഇന്നലെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്.

തന്റെ അഭിപ്രായപ്രകടനവും അതിൽ ഉപയോഗിച്ച അനുചിതമായ പദപ്രയോഗങ്ങളും പുലികളി കലാകാരന്മാർക്കും ബന്ധപ്പെട്ടവർക്കും മനോവിഷമമുണ്ടാക്കിയതായി മനസ്സിലാക്കുന്നതായും ഇതിൽ ഖേദം രേഖപ്പെടുത്തുന്നതായും വി.കെ. ശ്രീരാമൻ ഇന്ന് എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

‘പുലിക്കളിയെ സംബന്ധിച്ച എന്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി. അതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്. തൃശൂരിലെ പുലിക്കളി യഥാർത്ഥത്തിൽ ഒരു സിങ്കിൾ തീം കാർണിവെൽ ആണ്. കാസർകോടൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോം ആണ്. കായികത (ആയോധന കല) കലർന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്. കാർണിവെല്ലിന് അതൊന്നും ആവശ്യമില്ല. പ്രത്യക്ഷം സ്പെക്ടക്കിൾ സൃഷ്‌ടിക്കുക എന്നതാണ് പ്രധാനം. ഈ അഭിപ്രായം ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അതിനാൽ എൻ്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെൻ്റെ ആശംസ’ -അദ്ദേഹം പറഞ്ഞു.

അതിനിടെ, പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അത്യന്തം അപലപനീയമാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. തലമുറകളായി തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ല. ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശ്ശൂർ ജനതയുടെ ആവേശവും ചേർന്നുനിൽക്കുന്ന നാടിന്റെ അഭിമാനമാണ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല.

പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും കേന്ദ്രസർക്കാർ പോലും മുന്നോട്ടുവരുന്ന ഈ ഘട്ടത്തിൽ, അതിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ടതാണ്. ശ്രീരാമന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യമോ ആസൂത്രിത നീക്കമോ ഉണ്ടോയെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും അതിന്റെ കലാകാരന്മാരെയും അവഹേളിക്കാനുള്ള അവകാശം ആർക്കുമില്ല. അതിനാൽ വി.കെ. ശ്രീരാമൻ തന്റെ പരാമർശം ഉടൻ പിൻവലിക്കുകയും തൃശ്ശൂർ ജനതയോടും പുലിക്കളി കലാകാരന്മാരോടും പരസ്യമായി മാപ്പ് പറയുകയും വേണം. അല്ലാത്തപക്ഷം ഇത്തരം അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും, തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകത്തെ അപമാനിക്കുന്ന നിലപാടുകൾക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും ജസ്റ്റിൻ ജേക്കബ് മുന്നറിയിപ്പ് നൽകി.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VK Sreeraman apologizes for calling Pulikali obscene
Next Story