പരാതിക്കാർക്കെതിരെ സൈബറാക്രമണം നടത്തിയാൽ നടപടി; വി.കെ. ശ്രീകണ്ഠന്‍റെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ട് -വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ, വി,കെ. ശ്രീകണ്ഠൻ
തിരുവനന്തപുരം: ഭരണകക്ഷി നേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ചതെന്ന വി.കെ ശ്രീകണ്ഠന്‍റെ പരാമർശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീകണ്ഠന്റെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണ്. ഒരു കാരണവശാലും കോൺഗ്രസ് ഇത്തരം പരാമർശങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പരാമർശത്തിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ച് പ്രതിഷേധം അറിയിച്ചെന്നും അദ്ദേഹം തിരുത്തിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
സിപിഎം നേതാക്കൾ കോഴി ഫാം നടത്തുകയാണ്. ബി.ജെ.പിയുടെ ഒരു മുൻ മുഖ്യമന്ത്രി പോക്‌സോ കേസിൽ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിലുണ്ട്. എന്നിട്ടാണ് അവർ സമരം നടത്തുന്നത്. ഒരു വിരൽ കോൺഗ്രസിന് നേരെ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്ന് മനസിലാക്കണം.
ആരോപണവിധേയരായ എത്രയോ ആളുകളുണ്ട്. അവരിൽ എത്ര പേർ രാജിവെച്ചു. സി.പി.എം എന്തു ചെയ്തു, ബി.ജെ.പി എന്തു ചെയ്തു എന്ന് പരിശോധിച്ചല്ല കോൺഗ്രസ് തീരുമാനമെടുക്കുന്നത്. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത തീരുമാനമാണ് കോൺഗ്രസ് എടുക്കുന്നത്.
ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ ആരും ഒരുതരത്തിലുമുള്ള പ്രചരണവും നടത്തരുത്. അത് കോൺഗ്രസിന്റെ സംസ്കാരം അല്ല. അത്തരത്തിൽ കോൺഗ്രസ് പ്രവർത്തകർ ചെയ്താൽ നടപടിയെടുക്കും.
രാഹുൽ നിരപരാധിയാണെങ്കിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹത്തിന് പറയാനുള്ളത് പാർട്ടി കേൾക്കുമെന്നം വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയപശ്ചാത്തലം ഉൾപ്പടെ പരിശോധിക്കണമെന്നും ഭരണകക്ഷിനേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതെന്നുമാണ് ഇന്നലെ വി.കെ ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രാഹുലിനെതിരെ ഒരു പരാതിയും പൊലീസിന്റെ മുമ്പിൽ നിലവിലില്ല. അതുകൊണ്ട് അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് രാഹുൽ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. തന്നെ ന്യായീകരിച്ച് പ്രവർത്തകർ സമയം കളയേണ്ടതില്ലെന്നതിനാലാണ് പദവി രാജിവെക്കുന്നതെന്ന് രാഹുൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വകവെക്കുന്നില്ല. രാഹുലിനെതിരായ ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. ഇതിനായി കമീഷൻ രുപീകരിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം സി.പി.എമ്മിന്റെ രീതികളാണെന്നും തങ്ങൾക്ക് അതില്ലെന്നുമായിരുന്നു വി.കെ. ശ്രീകണ്ഠന്റെ മറുപടി.
കർണാടകയിൽ പ്രജ്വൽ രേവണ്ണയും കേരളത്തിൽ മുകേഷും ആരോപണങ്ങൾ ഉയർന്നപ്പോൾ പദവി രാജിവെച്ചിരുന്നില്ല. രാഹുലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ കർശനമായ നടപടിയുണ്ടാവുമെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.
പരാതിക്കാരിയെ കുറിച്ചുള്ള വി.കെ ശ്രീകണ്ഠന്‍റെ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ രംഗത്തെത്തിയിരുന്നു. പൊതുപ്രവർത്തകരടക്കം ഒരാൾ പോലും പറയാൻ പാടില്ലാത്ത കാര്യമാണിതെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
സ്ത്രീകളുടെ വസ്ത്രധാരണത്തെയോ അവർ ഇടപെടുന്ന മേഖലയെയോ നിലപാടുകളെയോ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ല. പരാമർശം പിൻവലിക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ ശ്രീകണ്ഠൻ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

