‘ബിലാലി’നെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ; ‘നിരവധി നേതാക്കൾക്ക് സി.പി.എമ്മിൽ അതൃപ്തിയുണ്ട്’
text_fieldsമണ്ണാർക്കാട് നഗരസഭ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടന വേദിയിൽ പി.കെ. ശശി സി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ശ്രീകണ്ഠൻ എം.പി തുടങ്ങിയവർക്കൊപ്പം
പാലക്കാട്: സി.പി.എം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ എം.പി. പി.കെ. ശശിയടക്കം നിരവധി നേതാക്കൾക്ക് സി.പി.എമ്മിൽ അതൃപ്തിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഇത്തരക്കാർക്ക് യാതൊരു വിലക്കുമില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. നേതാക്കളെ കാണുമ്പോൾ സൗഹൃദ സംഭാഷണം മാത്രമല്ല, രാഷ്ട്രീയവും സംസാരിക്കാറുണ്ടെന്ന് ശ്രീകണ്ഠൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇന്നലെ മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടന ചടങ്ങിലാണ് ‘കൊച്ചി പഴയ കൊച്ചിയല്ല, എന്നാൽ ബിലാൽ പഴയ ബിലാൽ തന്നെയാണ്’ എന്ന തഗ് ഡയലോഗ് പി.കെ. ശശി പറഞ്ഞത്. സി.പി.എമ്മിൽ അച്ചടക്ക നടപടി നേരിട്ട പി.കെ. ശശിയെ, ചടങ്ങിൽ പങ്കെടുത്ത വി.കെ. ശ്രീകണ്ഠൻ പരോക്ഷമായി കോൺഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
സാധാരണ കളർ വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന പി.കെ. ശശി വേദിയിലെത്തിയത് വെള്ളവസ്ത്രം ധരിച്ചാണ്. ആദ്യം പ്രസംഗിച്ച വി.കെ. ശ്രീകണ്ഠൻ പി.കെ. ശശിക്ക് വെള്ള വസ്ത്രമാണ് ഏറ്റവും ചേരുന്നതെന്നും അത് ഖദറാണെങ്കിൽ ഒന്ന് കൂടി നല്ലതായിരുന്നെന്നും പറഞ്ഞു. വികസന കാര്യത്തിൽ കൂട്ടായ്മ വേണമെന്നും ശശിയേട്ടനോട് ഖദറിന്റെ ചേർച്ച ഒന്ന് കൂടി ഓർമിപ്പിക്കുകയാണെന്നും പറഞ്ഞാണ് ശ്രീകണ്ഠൻ പ്രസംഗം അവസാനിപ്പിച്ചത്.
എൻ. ഷംസുദ്ദീൻ എം.എൽ.എയും പി.കെ. ശശിയുടെ ശുഭ്രവസ്ത്ര ധാരണം ഏറെ ആശാവഹമാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ സന്തോഷകരമാണെന്നും പറഞ്ഞു. തുടർന്ന് സംസാരിച്ച പി.കെ. ശശി മണ്ണാർക്കാട് നഗരസഭയുടെ വികസന പദ്ധതി ഏറെ സന്തോഷം നൽകുന്നതാണെന്നും ഭരണസമിതിയെ അഭിനന്ദിക്കുകയാണെന്നും പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു പരിപാടി മാറ്റിവെച്ചാണ് മണ്ണാർക്കാട്ട് എത്തിയത്. ഞാൻ വരുന്നെന്ന് പറഞ്ഞാൽ ചിലർക്ക് ബേജാറാണ്. ചെയർമാനും ഇടത് കൗൺസിലർമാരും നിരന്തരം ക്ഷണിച്ചതിനാലാണ് ഇവിടെ വരാൻ കാരണം. ഒരു തെളിവുമില്ലാതെ വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരിൽ അഴിമതി ആരോപിക്കുന്നവർ സ്വയം പരിശുദ്ധരാണോ എന്ന് പരിശോധിക്കണം. അഴുക്ക് കൂമ്പാരത്തിൽ മുങ്ങിക്കിടന്നാണ് വഴിയിൽ പോകുന്നവനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഈ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് പറയുന്നവർ അത് തെളിയിക്കണമെന്നും പി.കെ. ശശി പറഞ്ഞു.
യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിലെ ചടങ്ങിലേക്ക് പി.കെ. ശശിയെ ക്ഷണിച്ചതിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിന് അമർഷമുണ്ടായിരുന്നു. ഇത് വാദപ്രതി വാദങ്ങൾക്കിടയാക്കുകയും പദ്ധതിയിൽ അഴിമതി ആരോപിച്ച് ഡി.വൈ.എഫ്.ഐ സമരം നടത്തുകയും ചെയ്തിരുന്നു. മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

