‘പകൽ വെല്ലുവിളി പരിഹാസം.. രാത്രി വേഷം മാറൽ കാല് പിടുത്തം’; രാഹുലിനെ പരിഹസിച്ച് വി.കെ സനോജ്
text_fieldsതിരുവനന്തപുരം: അർധരാത്രിയിൽ വീട്ടിലെത്തി പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
‘പകൽ വെല്ലുവിളി പരിഹാസം, രാത്രി വേഷം മാറൽ കാല് പിടിത്തം. സതീശനിസം’ -സനോജ് ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ, നിലമ്പൂരിൽ മത്സരിക്കാൻ ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുൽ വെല്ലുവിളിച്ചിരിന്നു. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താൻ സി.പി.എമ്മിന് ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിച്ചിരുന്നു. പിന്നാലെയാണ് സ്വരാജിനെ സി.പി.എം സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്.
ഇതിനു പിന്നാലെയാണ് അൻവറുമായി അർധ രാത്രി കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം, കൂടിക്കാഴ്ച നടത്തിയതിൽ രാഹുൽ പാർട്ടിയിൽ ഒറ്റപ്പെടുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ രാഹുലിനെ തള്ളി രംഗത്തെത്തി. രാഹുലിനെതിരെ ഒരുവിഭാഗം പാർട്ടി നേതൃത്വത്തിന് പരാതി നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. വിവാദമായതോടെ രാഹുൽ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പാർട്ടി ചുമതലപ്പെടുത്തിയിട്ടല്ല അൻവറിന്‍റെ വീട്ടിൽ പോയതെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
അൻവറിന്‍റെ വീട്ടിലെത്തിയതിന്‍റെയും ഹസ്തദാനം ചെയ്യുന്നതിന്‍റെയും വിഡിയോ പുറത്തുവന്നത് വിവാദമായ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം. യു.ഡി.എഫിലെ ഒരുവിഭാഗത്തിനും രാഹുലിന്‍റെ നടപടിയിൽ കടുത്ത അതൃപ്തിയുണ്ട്. അൻവർ പിണറായിസത്തിനെതിരായ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിൽ ജയിക്കാൻ കഴിയുക യു.ഡി.എഫിനാണ്. ആ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അത് ഏതെങ്കിലും ഒരു ചുമതലയുടെ അടിസ്ഥാനത്തിലോ, അനുനയത്തിന്‍റെ ഭാഗമായോ അല്ലെന്നും രാഹുൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

